വാക്‌സിനെടുത്തശേഷവും പേവിഷബാധയേറ്റ് മരണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്


പേരാമ്പ്ര: തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസമാണ് കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53)നായ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒരുമാസം മുമ്പ് കൂത്താളി മൂരുകുത്തി ഭാഗത്തു വെച്ചായിരുന്നു നായയുടെ കടിയേറ്റത്. നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്ന് കടിയേറ്റ മുഴുവന്‍ പേരും വാക്‌സിന്‍ എടുത്തിരുന്നു.

ചന്ദ്രിക രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ച് മൂന്നാമത്തെ വാക്‌സിന്‍ സ്വീകരിക്കേണ്ട തിയ്യതിയ്ക്ക് തൊട്ടുതലേദിവസമാണ് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

അതേസമയം ചന്ദ്രികയുടെ മരണകാരണം പേവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോഴിക്കോട് ഡി.എം. ഒ ഉമ്മര്‍ ഫാറുഖ് പറഞ്ഞു. വീട്ടമ്മയുടെ സ്രവം വിദഗ്ദ്ധ പരിശോധനയ്ക്കായി മണ്ണൂത്തിയിലെ ആനിമല്‍ ഹസ്ബന്ററി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷം മാത്രമെ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ്, ജിതേഷ് (പൊലീസ് ഡോഗ് സ്‌ക്വാഡ് ), ജിതോയ് (ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.