ഇതരസംസ്ഥാനക്കാര്‍ മലയാളത്തില്‍ എഴുതി; ഡ്രൈവിങ് ലേണേഴ്സ് പരീക്ഷയിലെ തട്ടിപ്പുകള്‍ ഇനി നടക്കില്ല; ഇനി പരീക്ഷാരീതിയില്‍ മാറ്റം


തിരുവനന്തപുരം: ഇതര സംസ്ഥാനക്കാരും മലയാളത്തില്‍ പരീക്ഷ എഴുതുന്നു, പാസ് ആകുന്നു. ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ ഓണ്‍ലൈന്‍ ആയതോടെയാണ് പലവിധ തട്ടിപ്പുകളും രംഗപ്രവേശനം ചെയ്തു. ഒടുവില്‍ കള്ളത്തരങ്ങള്‍ക്ക് അറുതിയിടാന്‍ ഗതാഗത മന്ത്രി. ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ ഇനി മുതല്‍ ആര്‍ടിഒ, സബ് ആര്‍ടിഓ ഓഫീസുകളിലെത്തി ഓണ്‍ലൈനായി എഴുതണം.

അപേക്ഷകര്‍ ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ എത്തി ഓണ്‍ലൈനായി തീയതിയും സമയവും ബുക്ക് ചെയ്യണം. ശേഷം പരീക്ഷാ ദിവസം നേരിട്ടെത്തി പരീക്ഷയില്‍ പങ്കെടുക്കണം എന്നതാണ് പുതിയ തീരുമാനം.

ലേണേഴ്സ് ടെസ്റ്റില്‍ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. ടെസ്റ്റിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനാണ് തീരുമാനം എന്ന് ഗതാഗത കമ്മീഷന്‍ എസ്. ശ്രീജിത്ത് അറിയിച്ചു.

കൊറോണ കാലത്താണ് അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പലയിടങ്ങളിലും പണം വാങ്ങി അപേക്ഷകരെ ജയിപ്പിച്ചത് ഡ്രൈവിങ് സ്‌കൂളുകാരും ഏജെന്റുമാരും ആണ്.