മഴയത്ത് നനഞ്ഞ മുടി കെട്ടിവക്കല്ലേ! മഴക്കാലത്തും സിംപിളായി മുടി സംരക്ഷിക്കാം, ഇതാ അഞ്ച് ടിപ്‌സുകള്‍


മഴക്കാലം തുടങ്ങിയതോടെ പലരും മുടി സംരക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. മഴ ഒതുങ്ങിയിട്ട് മതി ഇനി മുടി സംരക്ഷണം എന്നാണോ തീരുമാനം. എങ്കില്‍ അത്തരം തീരുമാനങ്ങള്‍ മാറ്റിക്കോളൂ. എല്ലാ സീസണിലെയും പോലെ മഴക്കാലത്തും മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിലുള്ളവരും ആരോഗ്യകരമായ മുടിയുള്ളവരും മണ്‍സൂണ്‍കാലത്ത് മുടിയില്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഇടതൂര്‍ന്ന മുടിക്ക് മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.

1- ആഴ്ചയില്‍ മൂന്ന് ദിവസം കുളി

ദിവസവും തല കഴുകാന്‍ മടിയുള്ളവരാണ് നമ്മളില്‍ പലരും. എങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മുടി നിര്‍ബന്ധമായും കഴുകണം. കൂടാതെ മഴയത്ത് നനഞ്ഞാല്‍ നിര്‍ബന്ധമായും മുടി കഴുകിയിരിക്കണം.

2- എണ്ണയിലാണ് കാര്യം

ആരോഗ്യകരമായ മുടിയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ കാച്ചിയ എണ്ണിയിട്ട് കുളിക്കാന്‍ മറക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും എണ്ണയിട്ട് നന്നായി മസാജ് ചെയ്ത് കുളിക്കണം. വെളിച്ചെണ്ണയില്ലെങ്കില്‍ ഓലിവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഏതാണ്ട് 20-30 മിനുട്ടുങ്കിലും മസാജ് ചെയ്യുന്നതാണ് നല്ലത്.

3- നനഞ്ഞ മുടി കെട്ടിവക്കല്ലേ!

നനഞ്ഞ മുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍..? എങ്കില്‍ ഇന്ന് മുതല്‍ ഈ ശീലം മാറ്റിക്കോളൂ. നനഞ്ഞ മുടി എപ്പോഴും അഴിച്ചിടുന്നതാണ് നല്ലത്. ഇതിലൂടെ മുടി കെട്ടിവെക്കുമ്പോഴുണ്ടാകുന്ന ചീത്ത മണം ഒഴിവാക്കാന്‍ സാധിക്കും.

4- മുടികൊഴിച്ചില്‍ നിസാരമായി കാണരുത്

മഴക്കാലത്ത് മുടി കൊഴിച്ചില്‍ കൂടുതലായി കാണപ്പെട്ടാല്‍ നിസാരമായി കാണരുത്. എത്രയും വേഗം ഡോക്ടറെ കണ്ട് അതിന് കാരണവും പരിഹാരവും കണ്ടുപിടിക്കുന്നതാണ് നല്ലത്.

5- കൃത്യമായ ഉറക്കവും ഭക്ഷണവും

പോഷക ഗുണങ്ങളുള്ള ഭക്ഷണവും കൃത്യമായ ഉറക്കവും കൂടിയുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായ മുടി ഉണ്ടാവുകയുള്ളു. കൂടാതെ മുടി കൊഴിച്ചില്‍ ഉള്ളവര്‍ അതിനനുസരിച്ചുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.