കോഴിക്കോട് വരുന്നു അഞ്ഞൂറ് കോടി രൂപ ചെലവില്‍ അവയവമാറ്റത്തിന് മാത്രമായി അത്യാധുനിക ആശുപത്രി; ശുപാര്‍ശയ്ക്ക് സര്‍ക്കാറിന്റെ അംഗീകാരം, രാജ്യത്തെ ആദ്യ സംരംഭം


കോഴിക്കോട്: അവയവമാറ്റത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി കോഴിക്കോട് വരുന്നു. അഞ്ഞൂറ് കോടി രൂപ ചെലവില്‍ അത്യാധുനികവും സമഗ്രവുമായ സംവിധാനങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക.

അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പാളിച്ചകള്‍ പരിഹരിക്കുക, സ്വകാര്യ ആശുപത്രികളിലെ കൊള്ള തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് നിര്‍ദ്ദിഷ്ട ആശുപത്രിയുടെ പേര്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ആശുപത്രിയാകും കോഴിക്കോട്ടേത്.

പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ജിപ്‌മെര്‍) പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റക്കാട് സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം പ്രാരംഭ നടപടികള്‍ക്ക് അനുമതി നല്‍കി.

സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയ്ക്ക് സമാനമായ സംവിധാനങ്ങളാകും കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ ഉണ്ടാവുക. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുടെ സേവനം ഇവിടെ ലഭ്യമാക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അവയവ മാറ്റത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടം ഉണ്ടാകും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്ത് പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോ. ബിജു പൊറ്റക്കാടിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും. ജിപ്‌മെറില്‍ ഡോ. ബിജു കൈപ്പറ്റുന്ന സേവന-വേതന വ്യവസ്ഥകള്‍ നിയമനത്തില്‍ പാലിക്കും.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് സമാനമായി, മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഗവേണിംഗ് ബോഡിക്കാകും സ്ഥാപനത്തിന്റെ നിയന്ത്രണം.

അവയവദാന ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോട്ടോയുടെ ഉപവിഭാഗമായി കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ-സോട്ടോയാണ് (പഴയ മൃതസഞ്ജീവനി) അവയവദാനത്തിന്റെ നടപടികള്‍ നിലവില്‍ ഏകോപിപ്പിക്കുന്നത്.കെ-സോട്ടോയുമായി ചേര്‍ന്നാകും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്നുകൊണ്ടുവന്ന അവയവം തിരുവനന്തപുരം മെഡിക്കല്‍ കാേളേജിലെ രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതില്‍ കാലതാമസം വന്നതായി ആക്ഷേപം ഉയരുകയും രോഗിയുടെ മരണത്തോടെ വിവാദമാവുകയും ചെയ്തിരുന്നു.

summery: indias first organ transplant hospital is coming to kozhikode