“കേരളത്തില്‍ 8772 രൂപ, തമിഴ്നാട്ടില്‍ 2360”; വൈദ്യുതി നിരക്കില്‍ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നോ?, കെഎസ്ഇബിക്ക് പറയാനുള്ളത്


കോഴിക്കോട്: തമിഴ്‌നാട്ടിലെ വൈദ്യുതി നിരക്കിന്റെ നാലിരട്ടിയോ കേരളത്തിൽ എന്ന് ഒരു നിമിഷം മലയാളികളെ സ്തംഭിപ്പിച്ച വാർത്ത തെറ്റാണെന്നു കെ.എസ്.ഇ.ബി. തീർത്തും തെറ്റിദ്ധാരണാജനകമായ പത്രവാർത്തയാണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു പുറമെ തമിഴ്‌നാട്ടിലെ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും കേരളത്തിലെ പുതുക്കിയ നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്നും പറഞ്ഞു.

കെ.എസ്.ഇ.ബി അധികൃതരുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം:

കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് ‘500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ’ എന്ന ശീർഷകത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണ്.

കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത്. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5080 രൂപയാണെന്ന് ആർക്കും വ്യക്തമാകും. പക്ഷെ, വാർത്തയിലെ കണക്കിൽ അത് കേവലം 2360 രൂപ മാത്രം.

കേരളത്തിലെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്ന പിശകുമുണ്ട്.

തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനുമുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണ്.