പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു, കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പഞ്ചായത്ത്; അടിയന്തര പ്രമേയം അവതരിപ്പിച്ചു


കൂരാച്ചുണ്ട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കൂരാച്ചുണ്ട് പഞ്ചായത്ത്. ജംഷീദിന്റെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മദ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഭരണ സമിതി ഐക്യകണ്‌ഠേന്ന പ്രമേയം പാസാക്കി.

ജംഷീദിന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതത്തിന് പുറമെ ജംഷിദിന്റെ കയ്യിലും കാലിലും പുറത്തും മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത് എന്നതിന് തെളിവുകളില്ല എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഒരു റെയില്‍വേ ട്രാക്കിലെ രണ്ട് ഇരുമ്പുപാളികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നിടിച്ചാല്‍ മൃതദേഹം ചിതറിപ്പോകുമായിരുന്നു. കുറഞ്ഞ വേഗതയില്‍ ട്രെയിന്‍ വന്ന് ഇടിച്ചാല്‍ പോലും മൃതദേഹം മാറിക്കിടന്നേനെ. മൃതദേഹത്തില്‍ കണ്ട മുറിവുകളും ട്രെയിന്‍ ഇടിച്ച് ഉണ്ടായതാണെന്ന് തോന്നാത്തതുമെല്ലാമാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നാന്‍ ഇടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജംഷിദിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിമിലി ബിജു, ഡാര്‍ളി അബ്രാഹം, അംഗങ്ങളായ വിത്സണ്‍ പാത്തിച്ചാലില്‍, എന്‍.ജെ. ആന്‍സമ്മ, വിന്‍സി തോമസ്, ജെസി ജോസഫ്, അരുണ്‍ ജോസ്, സിനി ഷിജോ, വിജയന്‍ കിഴക്കയില്‍മീത്തല്‍, ആന്റണി പുതിയകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.