തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്


തൃശൂര്‍: തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്‌നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

മരിച്ച ജോബിയില്‍ നിന്ന് നിലവില്‍ മറ്റാരിലേക്കും രോഗം പകര്‍ന്നിട്ടില്ല. കൂടുതല്‍ പേരെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയില്‍ രോഗലക്ഷണം കണ്ടെത്തിയത്. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞാഴ്ച കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ്നൈല്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വെസ്റ്റ് നൈല്‍ പനി പകരുന്നതെങ്ങനെ?

വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. കൊതുക് കടിയേല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. രോഗം പിടിപെട്ടു കഴിഞ്ഞാല്‍ സാധാരണ വൈറല്‍പ്പനി മാറുന്നതുപോലെ ഭേദമാകും. ഈ രോഗത്തിനു പ്രതിരോധ വാക്‌സിനില്ല. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 20 ശതമാനത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം