മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (08/06/22)


പച്ചക്കറി വിത്ത് വിതരണം ചെയ്തു

കോഴിക്കോട് ജില്ലയിലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകളിൽ പച്ചക്കറിവിത്ത് വിതരണം ചെയ്തു.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക, അതുവഴി സ്ഥായിയായ കാർഷിക മേഖലയെ സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ലക്ഷ്യമിടുന്നത്. നമുക്ക് ലഭ്യമായ കൃഷിയിടങ്ങൾ ഉപയോഗിച്ച് നമുക്കാവശ്യമായ അരി, പച്ചക്കറി, പഴങ്ങൾ, കിഴങ്ങ് വിളകൾ, പാൽ, മുട്ട, മാംസാഹാരം തുടങ്ങിയവ ഉല്പാദിപ്പിക്കാൻ സാധ്യമാകണം. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിലൊന്നാകെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. കൃഷിഭവനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഈ ദൗത്യത്തിൽ പങ്കാളികളാകാം.

***

മൺസൂൺ മുന്നൊരുക്കം; താമരശ്ശേരി താലൂക്കിൽ സന്നദ്ധ പ്രവർത്തകരുടെ യോഗം ചേരും

മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിനായി
താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടേയും യോഗം ശനിയാഴ്ച (ജൂൺ11) വൈകിട്ട് നാലിന് താമരശ്ശേരി താലൂക്ക് ഓഫീസിൽ ചേരും. തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ, ഉപകരണങ്ങളുടെ ലഭ്യത എന്നീ വിവരങ്ങൾ ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

***

ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് (ജൂൺ ഒമ്പത്) അർധരാത്രി നിലവിൽ വരും. ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.

നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്പെഷ്യൽ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും.

ജില്ലയിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞിരുന്നു.

***

ലോകകേരള സഭ വൈജ്ഞാനികകലാസന്ധ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം

മൂന്നാം ലോകകേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ‘ഇന്ദ്രധനുസ്സ്’ എന്ന പേരില്‍ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയില്‍ കേരളത്തെ കുറിച്ചുള്ള ദ്യശ്യ സമസ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന സമസ്യയില്‍ പങ്കെടുക്കാനുള്ളവരെ തെരെഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്രശ്‌നോത്തരി ഇന്ന് (ജൂണ്‍ ഒമ്പത്) രാവിലെ 11.00 മണിക്ക് www.norkaroots.org. എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യ ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക.

ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികള്‍ക്ക് ഇന്ദ്രധനുസ്സില്‍ പങ്കെടുക്കാനുള്ള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും. കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന നാലു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക. ഉത്തരങ്ങള്‍ ക്രമനമ്പര്‍ സഹിതം മത്സരാര്‍ത്ഥിയുടെ പേരും ഫോണ്‍നമ്പരും ഉൾപ്പെടെ +91-8089768756 എന്ന വാട്സ്ആപ്പ് നമ്പറിലേയ്ക്ക് അയക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 9961208149.

***

ഊര്‍ജ്ജ സംരക്ഷണം: ഹരിത ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഗ്രീന്‍ ക്ലീന്‍ കേരള ഹരിത മത്സരങ്ങളുടെ ഭാഗമായി കോഴിക്കോട് വൈദ്യുതി ഭവനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റിയും ഗ്രീന്‍ ക്ലീന്‍ കേരള മിഷനും സംയുക്തമായി ഹരിത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി. സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പയിന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത്ത് ചീഫ് എൻജിനീയര്‍ കെ. രാജീവ് കുമാര്‍ വൈദ്യുതി ഭവന്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിനിൽ ജില്ലയിലെ കെഎസ്ഇബി ജീവനക്കാരും കുടുംബാംഗങ്ങളും ഈ വര്‍ഷം നട്ട തൈകള്‍ പരിപാലിച്ചു. ഓരോ മൂന്നുമാസം കൂടുമ്പോള്‍ തൈകളുടെ കൂടെ സെല്‍ഫി എടുത്ത് www.greevcleanearth.org വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഭാഗ്യശാലികള്‍ക്കും മികച്ച പ്രകടനം നടത്തുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കും.

ഊര്‍ജ്ജസംരക്ഷണം, ജലസംരക്ഷണം, വൃക്ഷത്തൈ പരിപാലനം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ മികവ് കൈവരിക്കുന്നതിനാണ് ക്യാമ്പയിന്‍. പദ്ധതിയുടെ പ്രചരണത്തിനായി വിദ്യാര്‍ഥികള്‍ക്ക് ഹരിത കലോത്സവം നടത്തും. വിജയികള്‍ക്ക് ഗ്രീന്‍ കേരള മിഷന്‍ സമ്മാനങ്ങളും ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം ഫലവൃക്ഷത്തൈകളും നല്‍കും.
ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍, ക്ലബ് ജോ.സെക്രട്ടറി രൂപേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

***

വനിതാ കമ്മീഷൻ അദാലത്ത്; 35 പരാതികൾ തീർപ്പാക്കി

കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 35 പരാതികളില്‍ തീര്‍പ്പായി. രണ്ടു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതി ഫുള്‍ ബെഞ്ച് സിറ്റിങ്ങിന്റെ പരിഗണനയ്ക്കായി മാറ്റി. ആകെ 97 പരാതികള്‍ പരിഗണിച്ചതില്‍ 59 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വക്കേറ്റുമാർ, ഫാമിലി കൗൺസിലർമാർ, വനിത പൊലീസ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പരാതികള്‍ കേട്ടു.

***

ലോക സമുദ്രദിനം ആചരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ലോക സമുദ്രദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലും സമുദ്രതീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

വടകര മുനിസിപ്പാലിറ്റി വാര്‍ഡ് 41 പുറങ്കരയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ചോറോട് പഞ്ചായത്ത് വാര്‍ഡ് 21 മുട്ടുങ്ങലില്‍ നടത്തിയ കടല്‍ തീര ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഉദ്യോ?ഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഴിയൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 12 ചോമ്പാല്‍ ഹാര്‍ബറില്‍ നടത്തിയ കടല്‍ത്തീര ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തം?ഗം ലീല അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെതീരദേശ വാര്‍ഡുകളായ വാര്‍ഡ് 13 കറപ്പക്കുന്ന്, വാര്‍ഡ് 14 ആവിക്കര, വാര്‍ഡ് 18 അഞ്ചാംപീടിക എന്നിവിടങ്ങളിലും തീരദേശ ശുചീകരണം നടന്നു.

2008 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 8 സമുദ്രദിനമായി ആചരിച്ചു വരുന്നത്. Revitalisation – Collective Action for the Ocean എന്നതാണ് ഈ വര്‍ഷത്തെ സമുദ്രദിന പ്രമേയം. സമു?ദ്രതീരം ശുചീകരിക്കാനായാണ് സംസ്ഥാന സര്‍ക്കാര്‍ ‘ശുചിത്വ സാഗരം സുന്ദര തീരം’ ക്യാമ്പയിന്‍ ആരഭിച്ചത്. ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിനിന്റെ തുടര്‍ച്ച കൂടിയാണിത്.

***

പനങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി 2021-22 വാർഷികപദ്ധതി അവലോകനം നടത്തി. പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് അസി. സെക്രട്ടറി കെ.എം. പ്രകാശൻ അവതരിപ്പിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടംവെള്ളിക്കുന്നത്ത്, കെ.പി. ലീബ, കെ.പി. സഹീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ സ്വാഗതവും ബിജു കുന്നുമ്മൽ നന്ദിയും പറഞ്ഞു.

***

അറിയിപ്പുകള്‍

ടെന്‍ഡര്‍

കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിനുകീഴിലെ ഓമശ്ശേരി പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20 ഉച്ചയ്ക്ക് ഒരുമണി. ഫോണ്‍: 04922281044 ഇ-മെയില്‍: [email protected]

***

ടെന്‍ഡര്‍

കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിനുകീഴിലെ വിവിധ പഞ്ചായത്തിുകളിലെ 33 അങ്കണവാടികളിലേക്ക് ആവശ്യമായ പാല്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18 ഉച്ചയ്ക്ക് ഒരുമണി. ഫോണ്‍: 04922281044 ഇ-മെയില്‍: [email protected]

***

മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കരാര്‍ നിയമനം

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിങ്് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ജൂണ്‍ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

***

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ്: www.srccc.in, ഫോണ്‍: 8089379318

***

ലേലം

കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഓഫീസിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ ജൂണ്‍ 13 ഉച്ചയ്ക്ക 12 മണിക്ക് തൊണ്ടയാടുള്ള ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0495 2723877, ഇ-മെയില്‍: [email protected]

***

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട് ജനറൽ ഐ.ടി ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15 രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി ഐ യിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ :0495 2377016

***

ഓംബുഡ്സ്മാൻ സിറ്റിംഗ് 15ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജില്ലാ എം.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജൂൺ 15 രാവിലെ 11 മുതൽ 1 മണി വരെ പ്രത്യേക സിറ്റിംഗ് നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും ഓംബുഡ്സ്മാന് നൽകാവുന്നതാണ്.

***

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 04712325101, 8281114464

***

അപേക്ഷ ക്ഷണിച്ചു.

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടത്തുന്ന വിവിധ പ്രൊജക്റ്റുകളിലേക്ക് സീനിയർ പ്രോഗ്രാമർ (പി എച്ച പി), സീനിയർ പ്രോഗ്രാമർ (ജാവ), പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു ഐ/യു എക്സ് ഡവലപ്പർ, 2 ഡി അനിമേറ്റർ,ടെക്നിക്കൽ റൈറ്റർ,സെർവർ അഡ്മിനിസ്ട്രേറ്റർ ,തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18 ,വൈകുംന്നേരം 5 മണി. ഫോൺ :0471 2380910. വിവരങ്ങൾക്ക് www.careers.cdit.org അല്ലെങ്കിൽ www.cdit.org സന്ദർശിക്കിക.

***

ലേലം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ താമരശ്ശേരി സ്റ്റേഷൻ വളപ്പിലുള്ള പഴക്കംചെന്ന സർക്കിൾ ഓഫീസ് കെട്ടിടം, പഴയ സർക്കിൾ ഇൻസ്‌പെക്ടറുടെ ക്വാർട്ടേഴ്‌സ് , സബ് ഇൻസ്‌പെക്ടറുടെ ക്വാർട്ടേഴ്‌സ് എന്നീ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ജൂൺ 27 ന് രാവിലെ 11 മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ ലേലം ചെയ്യും. ഫോൺ : 0496 2523031

***

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിൽ പരിശീലനം ലഭിക്കും. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 15.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോൺ : 954495 8182.
വിലാസം : കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

***

അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് കം രജിസ്‌ട്രേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് കൊയിലാണ്ടി താലൂക്ക് പരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സ്റ്റേഷൻ പി ഒ, കോഴിക്കോട് വിലാസത്തിൽ നേരിട്ടോ, [email protected] ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂൺ 18. ഫോൺ :0496 2615500

***

ക്വട്ടേഷൻ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിലെ എക്‌സാം സെല്ലിലേക്ക് 12 വി 40 എ എച്ച്, ട്യൂബുലാർ ബാറ്ററി (ബൈ ബാക്ക് സ്‌കീം വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 21 ന് ഉച്ചയ്ക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. ഫോൺ : 0495 2383220, 0495 2383210

***