അധികാരികള്‍ കനിഞ്ഞില്ല; അരിക്കുളം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായ റോഡൊരുങ്ങിയത് കുടുംബ കൂട്ടായ്മയില്‍


അരിക്കുളം: റോഡെന്ന വലിയ സ്വപ്‌നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഒരു ഗ്രാമം. ഗ്രാമവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് മുന്നില്‍ അധികാരികള്‍ കണ്ണടച്ചപ്പോള്‍ ഒരു കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് യാഥാര്‍ത്ഥ്യമായത്. അരിക്കുളം പഞ്ചായത്തിലെ മാവട്ട് പ്രദേശത്തെ മണ്ണാറോത്ത് കുടുംബ കൂട്ടായ്മയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

അരിക്കുളം- കിഴരിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചെമ്മണ്‍ റോഡുകളായിരുന്നു. കാല്‍നട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ റോഡുകള്‍. ഒരു നാടിന്റെ മുഴുവന്‍ ആവശ്യമായ റോഡാണ് 3.45 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഈ കുടുംബ കൂട്ടായ്മ നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. 210 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന് മൂന്നര മീറ്റര്‍ വീതിയാണുള്ളത്.

വര്‍ഷകാലത്ത് മഴ വെള്ളത്തിന്റെ ശക്തമായ കുത്തിയൊഴുക്കില്‍ കാല്‍നടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് കുടുംബത്തിലെ പുതിയ തലമുറയില്‍പ്പെട്ടവര്‍ ഈ റോഡിനായി രംഗത്തിറങ്ങിയത്. ഇവരുടെ പഴയ തലമുറയില്‍പ്പെട്ടയാളുകള്‍ കൂടി ചേര്‍ന്നാണ് ഇടവഴിയായിരുന്ന റോഡ് ചെമ്മണ്‍ റോഡാക്കി മാറ്റിയത്.

റോഡ് ഗതാഗത യോഗ്യമാക്കുന്നതിനെക്കുറിച്ച് കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിലൂടെ ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നാട്ടുകാരായ പത്മനാഭന്‍, സരുണ്‍ എന്നിവരും റോഡ് നിര്‍മ്മാണത്തിനാവശ്യമായ സഹായങ്ങളുമായി മുന്നേട്ടെത്തി. നല്ല പ്രതികരണമാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചതെന്നും ഇത്തരം പ്രവൃത്തികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

കുടുംബത്തിലെ മുതിര്‍ന്ന അംഗം. എം. ആലിക്കുട്ടി ഹാജി റോഡ് ഉദ്ഘാടനം ചെയ്തു. വി.വി.എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ്, സഹുസ്‌ന, പി.കെ. സരുണ്‍, എം. ലത്തീഫ്, വി.വി.എം. ബഷീര്‍, പി.കെ.എം. നവാസ്, അന്‍സീര്‍ മണ്ണാറോ ത്ത്, സി.എം. ബഷീര്‍, പി.കെ. കുഞ്ഞമ്മദ് കുട്ടി, എ.കെ.എം. അലി തുടങ്ങിയവര്‍ സംസാരിച്ചു.