കേരളത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി, ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍


കോഴിക്കോട്: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പതുസ്ഥലങ്ങള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കും. ഇത് സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. ഏപ്രില്‍ 27 നാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പരിശോധനകളില്ലാതിരുന്നതിനാല്‍ ഇത് പലരും പാലിക്കുന്നില്ല. ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇത് മൂവായിരം കടന്നിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് വിലയിരുത്തല്‍.

ഒമിക്രോണ്‍ വകഭേദം തന്നെയാണ് കേരളത്തില്‍ ഇപ്പോഴും വ്യാപിക്കുന്നത്. അതിനാല്‍ തന്നെ രോഗം ഗുരുതരമാവുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഇല്ല. എന്നാല്‍ രോഗികളുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഉയരുന്നുണ്ട് എന്നത് ആശങ്കയാണ്. 16 ദിവസത്തിനിടെ 68 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 0.05 ശതമാനത്തില്‍ നിന്ന് അതിവേഗമാണ് 16 ശതമാനത്തിന് മുകളിലെത്തിയത് എന്നത് രോഗവ്യാപനത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. കോവിഡ് കേസുകളിലെ വര്‍ധനയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് പ്രത്യേക കരുതല്‍ ഡോസ് വാക്‌സിന്‍ യജ്ഞം സംഘടിപ്പിച്ചിരുന്നു. കിടപ്പ് രോഗികള്‍ക്കും വീട്ടുപരിചരത്തിലുള്ള രോഗികള്‍ക്കും യജ്ഞത്തിന്റെ ഭാഗമായി വീട്ടിലെത്തി വാക്‌സീന്‍ നല്‍കി.


കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ശരിയായി ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനും വായനക്കാരോട് പേരാമ്പ്ര ന്യൂസ് ഡോട് കോം അഭ്യര്‍ത്ഥിക്കുന്നു.