ജനവാസ കേന്ദ്രത്തില്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം; പ്രതിഷേധവുമായി ജനങ്ങള്‍


അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജനവാസകേന്ദ്രത്തിൽ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഒൻപതാം വാർഡിൽ പള്ളിക്കൽ കനാൽ ഭാഗത്ത് ജലസേചന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ മാലിന്യ സംഭരണകേന്ദ്രവും വയോജന സംരക്ഷണ കേന്ദ്രവും വഴിയോരവിശ്രമകേന്ദ്രവും ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയം പണിയാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നത്.

വര്‍ഷങ്ങളായി പൊതുപരിപാടികള്‍ക്കും കായിക വിനോദങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ മാലിന്യ സംഭരണ കേന്ദ്രം പണിയാനുള്ള മുന്‍ ഭരണ സമിതി നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കാലാവധി തീരുന്നതിനു തൊട്ടുമുന്‍പ് പഴയ ഭരണസമിതി പ്രസ്തുത കെട്ടിട സമുച്ചയം പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

ജനങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെ കെട്ടിട സമുച്ചയം പണിയാനുള്ള പുതിയ ഭരണസമിതി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ജനകീയ കര്‍മ്മസമിതി തീരുമാനിച്ചത്.

പി.കെ അന്‍സാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം ശ്യാമള എടപ്പള്ളി, വി.വി.എം ബഷീര്‍, കെ.എം.സുഹൈല്‍, സി.രാമചന്ദ്രന്‍, ഒ.കെ.ചന്ദ്രന്‍, സനില്‍കുമാര്‍, സി.കെ.ബാലകൃഷ്ന്‍, ദിലീപ് പള്ളിക്കല്‍, കെ.എം.മിനീഷ്, സജാദ്, സി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനകീയ കർമ്മസമിതി ഭാരവാഹികളായി സി.രാമചന്ദ്രനെ ചെയര്‍മാനും, പ്രസാദ് ഇടപ്പള്ളിയെ വൈസ് ചെയര്‍മാനും സി.രാഘവനെ കണ്‍വീനറും സി.കെ.ബാലകൃഷ്ണനെ‍ ജോയിറ്റ് കണ്‍വീനറും കെ.എം.സുഹൈലിനെ ട്രഷററുമായി തെരഞ്ഞെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക