അധികഭാരംകയറ്റിയ ലോറികാരണം കൂരാച്ചുണ്ട് കൈതക്കൊല്ലി -വെങ്കിട്ടത്താഴെ റോഡ് തകര്‍ന്നെന്ന് പരാതി


കൂരാച്ചുണ്ട് : സമീപത്തുള്ള ക്വാറിയിൽനിന്ന് അധികഭാരംകയറ്റിയ ലോറി കടന്നുപോയതിനെത്തുടർന്ന് റോഡ് തകർന്നതായി പരാതി. കൂരാച്ചുണ്ട് കൈതക്കൊല്ലി -വെങ്കിട്ടത്താഴെ റോഡ് ഓഞ്ഞിൽ ഭാഗത്ത് ഒരു കിലോമീറ്ററോളം ഗതാഗതയോഗ്യമല്ലാത്ത വിധത്തിൽ തകർന്നതായാണ് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയത്.

500 അടി ഭാരംവഹിക്കുന്ന ലോറിയാണ് കടന്നുപോയതെന്ന് പറയപ്പെടുന്നു. പ്രദേശത്ത് മുളവട്ടം കടവിലെ ചെക്ക് ഡാമിന് മീതെയുള്ള പാലത്തിൽ കൂടിയും വണ്ടി കടന്നുപോയതിൽ പാലത്തിനും അപകടഭീഷണിയുണ്ട്. പഞ്ചായത്തിലെ 1,13 വാർഡുകൾ ഉൾപ്പെടുന്ന റോഡാണിത്.

നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് പേരാമ്പ്രയിൽനിന്ന് ബാലുശ്ശേരിയിലേക്കുള്ള ബൈപ്പാസ് റോഡായിട്ടും ചെറു വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്.