അപേക്ഷകള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റിനായും ഇനി അധികകാലം നഗരസഭകളിലേക്ക് പോകേണ്ടിവരില്ല; ഏപ്രില്‍ ഒന്നുമുതല്‍ കെ സ്മാര്‍ട്ട് പദ്ധതി തുടങ്ങുമെന്ന് മന്ത്രി എം.ബി രാജേഷ്


തിരുവനന്തപുരം: അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ക്കായും നഗരസഭകള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയ്ക്ക് അറുതിയാവുന്നു. ഈ വരുന്ന ഏപ്രില്‍ മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചിരിക്കുകയാണ്.

കെ സ്മാര്‍ട്ട് എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ, നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം പൂര്‍ണമായി ഇല്ലാതാകും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു.