അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍; കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു


സ്വന്തം ലേഖകൻ

കൊയിലാണ്ടി: കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിശ്രമമില്ലാതെ പോരാടുമ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍. നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍ വശമായി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌റ്റേഷന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. വടകര പൊലീസ് സ്റ്റേഷനെക്കാള്‍ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേഷനാണ് കൊയിലാണ്ടിയിലേത്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഓഫീസ് കെട്ടിടമാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെത്. പൊളിഞ്ഞു വീഴാറായ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ അപകടസാധ്യത പോലും ഉണ്ടാക്കുന്നതാണ്. ചില ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമല്ലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നതാണ് നിലവിലെ അവസ്ഥ. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ ദയനീയത ബോധ്യപ്പെടും.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പൊലീസ് സ്റ്റേഷന്‍

2006 ലാണ് കൊയിലാണ്ടി കോടതിക്ക് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ നിന്ന് മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തേക്ക് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ മാറ്റിയത്. രണ്ട് ഫാമിലി ക്വാര്‍ട്ടേഴ്‌സുകള്‍ സംയോജിപ്പിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം രൂപപ്പെടുത്തിയത്.

അന്‍പതിലേറെ ജീവനക്കാരാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. ഇരിപ്പിടങ്ങള്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് സ്‌റ്റേഷനിലുള്ളത്.

പരാതി നല്‍കാനെത്തുന്ന ജനങ്ങള്‍ പി.ആര്‍.ഒ ഇരിക്കുന്ന ഇടുങ്ങിയ മുറിക്ക് ചുറ്റും സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാതെ ഊഴം കാത്ത് തിങ്ങി നില്‍ക്കേണ്ട അവസ്ഥയാണ്. ഫയല്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആശ്രയിക്കുന്നത് സമീപത്തുള്ള പൊളിഞ്ഞുവീഴാറായ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തെയാണ്. ക്വാര്‍ട്ടേഴ്‌സുകളില്‍ ഒന്ന് മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്, മൂടാടി ഗ്രാമപഞ്ചായത്ത് എന്നിവ പൂര്‍ണ്ണമായും തിക്കോടി, അരിക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഭാഗികമായും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പരിധി. ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സുപ്രധാനമായ ഈ പൊലീസ് സ്റ്റേഷനാണ് ഇപ്പോള്‍ അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നത്.

നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി വിശാലമായ സൗകര്യങ്ങളുള്ള പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കുകയാണ് ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വലിയ ഓഫീസ്, പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ കാത്തിരിപ്പിനായുള്ള സ്ഥലം, കൂടുതല്‍ പൊലീസുകാര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ സ്റ്റേഷന്‍ നവീകരണത്തിലൂടെ സാധ്യമാക്കണം.

പൊലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് നില്‍ക്കാനായി സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള കുറച്ച് സ്ഥലം ജീവനക്കാര്‍ ചേര്‍ന്ന് അടുത്തിടെ വൃത്തിയാക്കിയിരുന്നു.

 

വലിയ പരിധി, ചെറിയ സ്റ്റേഷന്‍

കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയുടെ വലിയ വിസ്തൃതി പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ സേവനം സമയോചിതമായി ലഭ്യമാകുന്നതിന് തടസമാണ്. ദേശീയപാത, റെയില്‍, കടലോരം തുടങ്ങി പൊലീസിന് ഓടിയെത്തേണ്ട വ്യത്യസ്തമായ പ്രദേശങ്ങളാണ് സ്റ്റേഷന്‍ പരിധിയിലുള്ളത്. ഇവിടങ്ങളില്‍ ഓടിയെത്തി കൃത്യനിര്‍വ്വഹണം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം 1313 ക്രിമിനല്‍ കേസുകളാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ 2500 ലേറെ പരാതികളാണ് സ്റ്റേഷനില്‍ ലഭിച്ചത്. പ്രതിദിനം അന്‍പതിലേറെ പരാതികളാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തുന്നത്. പല പരാതികളും ഗുരുതരമായ സ്വഭാവമുള്ളതാണ് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ജീവനക്കാരുടെ എണ്ണം പരിമിതമായതും കേസുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് വെല്ലുവിളിയാണ്. ഇത് പൊലീസ് ഉദ്യോഗസ്ഥരില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ വിഭജിക്കുകയാണ് ഇതിന് പരിഹാരം. ചേമഞ്ചേരി കേന്ദ്രമാക്കി മറ്റൊരു പൊലീസ് സ്റ്റേഷന്‍ ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം അധികൃതര്‍ക്ക് മുന്നിലുണ്ട്. സ്റ്റേഷന്‍ വിഭജനം സംബന്ധിച്ച് നിരവധി തവണ പ്രെപ്പോസലുകള്‍ മുകളിലേക്ക് പോയെങ്കിലും നാളിതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലുള്ള കാപ്പാട് ടൂറിസം എയ്ഡിനെ പോസ്റ്റ് സ്‌റ്റേഷനായി ഉയര്‍ത്തി ഇക്കാര്യത്തില്‍ താല്‍ക്കാലിക പരിഹാരമെങ്കിലും ഉണ്ടാവണമെന്നാണ് ആവശ്യം.

നിലവിലെ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണവും സ്റ്റേഷന്‍ വിഭജനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനപ്രതിനിധികള്‍ക്ക് മുമ്പാകെയുണ്ട്. എന്നാല്‍ ഇതുവരെ അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ അധികൃതര്‍ സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.