ഇവര്‍ക്കാര് സംരക്ഷണം നല്‍കും; നിര്‍മാണ തൊഴിലാളികള്‍ക്കും സുരക്ഷ വേണ്ടേ?, രണ്ടാഴ്ചക്കിടെ ജില്ലയില്‍ നിര്‍മാണ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചുപേര്‍ക്ക്


കോഴിക്കോട്: കെട്ടിടങ്ങളുടെ നിർമാണജോലിയിൽ തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നില്ലെന്ന് ആക്ഷേപം. രണ്ടാഴ്ചയ്ക്കിടെ അഞ്ചുപേരാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കെട്ടിടനിർമാണത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച തൊണ്ടയാട് ജങ്ഷനിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് വീണ് രണ്ടുപേർ മരിച്ചത്.

ഇത്രയും അപകടരമായ ജോലിക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദപ്പെട്ടവരാരും ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയ ബീച്ച് ഫയർസ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഫിറ്റ് ചെയ്യുന്നതിനിടെ താഴെനിന്ന് താങ്ങായി വെച്ചുകൊടുത്ത പൈപ്പ് ജാക്കി തെന്നിപ്പോയതായിരിക്കാം അപകടത്തിന് കാരണമെന്നാണ് കരുതുന്നതെന്ന് അഗ്നിരക്ഷാസേന പറയുന്നു. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലിയാണെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ലെന്നും അഗ്നിരക്ഷാസേന പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെരുമണ്ണയിൽ സംരക്ഷണത്തി നിർമിക്കുന്നതിനിടെ ഒരു തൊഴിലാളി മണ്ണിടിഞ്ഞുവീണ് മരിച്ചത്. അതിനു രണ്ടുദിവസം മുൻപ് പള്ളിമിനാരത്തിന്റെ ജോലിക്കിടെ തോപ്പയിൽ സ്വദേശിയും കഴിഞ്ഞ 13-ന് കുന്നത്തുപാലത്ത് കെട്ടിടനിർമാണത്തിനിടെ ഒരു ബംഗാളുകാരനായ തൊഴിലാളിയും വീണുമരിച്ചിരുന്നു. പെരുമണ്ണ അറത്തിൽപറമ്പിൽ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് വീടിനോടുചേർന്നുള്ള സംരക്ഷണഭിത്തിയുടെ നിർമാണം നടന്നിരുന്നത്. കുന്നത്തുപാലത്ത് കെട്ടിടത്തിനുമുകളിലേക്ക് ലിഫ്റ്റിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ തൊഴിലാളി വീണു മരിക്കുകയായിരുന്നു.

ബഹുനിലക്കെട്ടിടങ്ങളുടെ നിർമാണത്തിനിടെയാണ് കൂടുതലും അപകടങ്ങൾ സംഭവിക്കാറുള്ളത്. കരാറുകാർ വഴിയെത്തുന്ന മറുനാടൻ തൊഴിലാളികളെയാണ് അധികവും ഇത്തരം ജോലിക്ക് നിയോഗിക്കാറുള്ളത്. എത്ര അപകടകരമായ ജോലിയാണെങ്കിലും ഇവർക്ക് വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഒരുക്കിക്കൊടുക്കാറില്ല. അതുകൊണ്ടാണ് ഇത്തരം അപകടങ്ങളുണ്ടാവുന്നത്.