ഓണത്തിനും കിറ്റുണ്ട്; കാണം വിൽക്കാതെ ഓണമുണ്ണാം


കോഴിക്കോട്‌: കോവിഡ്‌ കാലത്തും കാണം വിൽക്കാതെ ഓണമുണ്ണാൻ കരുതലുമായി സർക്കാർ കൂടെയുണ്ട്‌. സദ്യവട്ടങ്ങളെല്ലാം നിറച്ച കിറ്റ്‌ ഒരാഴ്‌ച കഴിഞ്ഞാൽ വീടുകളിലെത്തും. 16 ഇനങ്ങളടങ്ങിയ കിറ്റ്‌ ആഗസ്‌ത്‌ ഒന്ന്‌ മുതൽ വീട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഭക്ഷ്യവകുപ്പ്‌.

ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, അരക്കിലോ ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്‌, നൂറ്‌ഗ്രാം തേയില, നൂറ്‌ ഗ്രാം മുളകുപൊടി, ഒരു കിലോ ഉപ്പ്‌, ഒരു പാക്കറ്റ്‌ സേമിയ/പാലട/ഉണക്കലരി, ഒരു പാക്കറ്റ്‌ കശുവണ്ടിപ്പരിപ്പ്‌, ഒരു പാക്കറ്റ്‌ ഏലയ്‌ക്ക, 50 മില്ലി ലിറ്റർ നെയ്യ്‌, നൂറ്‌ ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ശബരി സോപ്പ്‌, തുണിസഞ്ചി എന്നിവയാണ്‌ ഇക്കുറി കിറ്റിലുള്ളത്‌.

ജില്ലയിൽ 2.08 ലക്ഷം കുടുംബങ്ങളിൽ കിറ്റെത്തും. എഎവൈ (മഞ്ഞ) 8386, പിഎച്ച്‌എച്ച്‌ (പിങ്ക്‌) 72455, എൻപിഎസ്‌ (നീല) 62840, എൻപിഎൻഎസ്‌ (വെള്ള) 64750 കാർഡുടമകൾക്കാണ്‌ ഇക്കുറി ഓണക്കിറ്റ്‌ ലഭിക്കുക.
കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ സപ്ലൈകോ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്‌. സാധനങ്ങൾ എത്തിക്കാനായുള്ള ടെൻഡറടക്കമുള്ള നടപടികൾ അടുത്ത ദിവസങ്ങളിലുണ്ടാകും.