കാലിക്കറ്റ്‌ സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനം; യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; സിന്റിക്കറ്റ് അംഗം ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സിന്റിക്കറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നല്‍കിയത്. സംവരണ ഒഴിവുകള്‍ നിര്‍ണയിച്ചതിന് ശേഷമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാര്‍ക്ക് വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്റ്റര്‍ പ്രസിദ്ധികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിന്റിക്കറ്റ് യോഗത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍തഥികളുടെ നിയമനം അംഗീകരിച്ചത്. എജുക്കേഷന്‍, ഇക്കണോമിക്‌സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്റിക്കറ്റ് അംഗം ഗവര്‍ണറെ സമീപിച്ചത്. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന യുജുസി ചട്ടം കാലിക്കറ്റില്‍ പാലിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ് യുജിസി നിര്‍ദ്ദേശമെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിയമനം നടന്നിട്ടു പോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിന്റിക്കറ്റ് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എന്നാല്‍ ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് മുന്‍ കൂട്ടി തീരുമാനിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. സര്‍വ്വകലാശാലയില്‍ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്തികകള്‍ ഇനിയും നികത്താനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരെ ഫലമറിയിച്ചില്ലെന്നും ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദോയഗാര്‍ത്ഥികളും രംഗത്തുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക