കെ റെയില്‍: ഒരുവര്‍ഷത്തെ ചെലവ് 542 കോടി; പ്രതീക്ഷിക്കുന്ന വരുമാനം 2276 കോടി രൂപയെന്ന് ഡി.പി.ആര്‍


തിരുവനന്തപുരം: കെ-റെയിലിന്റെ പരിപാലനത്തിന് ആദ്യവര്‍ഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയില്‍ (ഡി.പി.ആര്‍.) പറയുന്നു. പത്തുവര്‍ഷത്തിനുശേഷം ചെലവ് 694 കോടി രൂപയായി ഉയരും. ടിക്കറ്റ് വരുമാനമായി 2025-26 വര്‍ഷം 2,27 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം, കോച്ചിന്റെയും പാളത്തിന്റെയും അറകുറ്റപ്പണി എന്നിവ ഉള്‍പ്പെടെയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. കെ. റെയിലിനായി ആദ്യഘട്ടത്തില്‍ 3384 ജീവനക്കാരെ നേരിട്ടും പരോക്ഷമായി 1516 പേരെയും നിയമിക്കേണ്ടിവരുമെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. 63941കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.

1222.45 ഹെക്ടര്‍ ഭൂമിയാണ് കെ. റെയിലിനായി ആകെ ഏറ്റെടുക്കുന്നത്. 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയുമാണ് പദ്ധതിയ്ക്കായി വേണ്ടിവരിക.

ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനമായതിനാല്‍ പത്തുമിനിറ്റ് ഇടവേളകളില്‍ ട്രെയിനുകള്‍ ഓടിക്കാനാകുമെന്നാണ് കെ-റെയില്‍ അവകാശപ്പെടുന്നത്. സ്റ്റാന്‍ഡേഡ് ഗേജിലെ ഇരട്ടപ്പാതയാണ് തിരുവനന്തപുരം കൊച്ചുവേളിമുതല്‍ കാസര്‍കോടുവരെ നിര്‍മിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ കഴിയുന്നവിധത്തിലാണിത്. ഒമ്പത് കോച്ചുകളുള്ള ട്രെയിനാണ് ആദ്യഘട്ടത്തില്‍ ഓടിക്കുന്നതെങ്കിലും 15 കോച്ചുകള്‍വരെയാക്കാം.

പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയുമാണ് കടന്നുപോകുക. 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാവും. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഡി.പി.ആറില്‍ പറയുന്നത്.