കോഴിക്കോടിന്റെ ഓട്ടോ പെരുമ; ഡ്രൈവർ നിസാറിന് ആദരം


കോഴിക്കോട്: ഡ്രൈവർമാർക്ക് മാതൃകയായ ഓട്ടോ ഡ്രൈവർ നിസാറിന് ആദരം. കോഴിക്കോട് ജനമൈത്രി പോലീസാണ് ആദരിച്ചത്. ചേളന്നൂർ ചേലപ്പുറത്ത് ഞാറക്കാട് മീത്ത നിസാറാണ് ജനമൈത്രി പോലീസിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത്.

തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബോധരഹിതയായി വീണ യാത്രക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ വൈദ്യസഹായം എത്തിച്ച് ബന്ധുക്കൾ എത്തുന്നതുവരെ രോഗിയെ പരിചരിക്കുകയും ചെയ്ത് മാതൃകാപരമായ പ്രവർത്തനമാണ് നിസാർ ചെയ്തത്. കൂടാതെ സ്വർണ്ണം വാങ്ങാനായി കൈവശമുണ്ടായിരുന്ന ഭാഗിൽ കരുതിയിരുന്ന പണം യാത്രക്കാരിയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.

മാവൂർ ഓട്ടോസ്റ്റാൻറിലെ ഡ്രൈവർ ആയ നിസാറിന് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ഉമേഷ് ഉപഹാരം കൈമാറി. മുമ്പും മാതൃകയായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുളള കോഴിക്കോട് ഓട്ടോ പെരുമ പ്രശസ്തമാണ്.