കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പര്‍ക്കംമൂലം നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടാകുന്നത്. നിലവിലെ സാഹചര്യത്തില്‍ നഗരസഭ ഹെല്‍ത്ത് സ്‌കോഡിന്റെ പ്രവര്‍ത്തനം ശക്തമാക്കി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വാര്‍ഡ് ആര്‍.ആര്‍.ടിമാരെയും നഗരസഭ ആര്‍.ആര്‍.ടിയെയും ഉടന്‍ പുനസംഘടിപ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ദിവസവും 100 നും 200 ഇടയില്‍ ആളുകളാണ് ഇപ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി എത്തുന്നത്. ഇവരില്‍ 25 ശതമാനത്തോളം ആളുകളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുമ്പുണ്ടായതില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളില്‍ വലിയതോതില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവ് നിരക്കിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കജനകമാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

താലൂക്കാശുപത്രിയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാഷ്വാലിറ്റിയില്‍ അടക്കം 1200 ഓളം പേരും അല്ലാത്ത ദിവസങ്ങളില്‍ 900 പേരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടി എത്തുന്നുണ്ട്. ഇത് കോവിഡ് വ്യാപനം കൂട്ടാന്‍ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആശുപത്രിയില്‍ എത്തുന്ന പലരും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നത്. ഇതെല്ലാം കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ അളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും, സാനിറ്റൈസര്‍ ഉപയോഗിച്ചും സ്വയം നിയന്ത്രണം പാലിക്കണം. പോലീസ് പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിനായി നോട്ടുപുസ്തകങ്ങള്‍ വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പലരും ഇത് പാലിക്കുന്നില്ല. സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവും സാനിറ്റൈസര്‍ വെക്കാത്തതും കര്‍ശനമായി നേരിടുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിവാഹ വീടുകളിലും, മരണ വീടുകളിലും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം നിയന്ത്രണം കര്‍ശനമാക്കും. വരും ദിവസങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌കോഡിന്റെ പ്രവര്‍ത്തനം ശക്തമാക്കി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. വാര്‍ഡ് ആര്‍.ആര്‍.ടിമാരെയും നഗരസഭ ആര്‍.ആര്‍.ടിയെയും ഉടന്‍ പുനസംഘടിപ്പിക്കും. ഇതിന് ശേഷം മാര്‍ക്കറ്റ്, ഹാര്‍ബര്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ വരുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.പി സുധ വ്യക്തമാക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക