കോഴിക്കോട് ജില്ലയില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണം; വിശദാംശം ചുവടെ


കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കുകളിലും പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്കും മരുന്നിനുമെത്തുന്ന രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഇവരുടെ പരിശോധന ഫലം ബന്ധപ്പെട്ട് പ്രാഥമിികാരോഗ്യ കേന്ദ്രത്തെ അറിയിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും.മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും പനിക്ക് മരുന്ന് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രഥമികാരോഗ്യ കേന്ദ്രത്തെ അറിയിക്കണം.

ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആന്റി ബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രിക്കും, ക്ലിനിക്കുകള്‍ക്കും, ഫാര്‍മസികള്‍ക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കേണ്ടതാണ്. മേല്‍ പറഞ്ഞ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.