‘കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം’, മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌‌സിന്‍ സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. അപൂര്‍വം ചിലരെങ്കിലും വാക്‌സിനേഷനെതിരെ തെറ്റിധാരണ പടര്‍ത്താനുള്ള ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. അത്തരത്തിലുള്ള പ്രചാരണങ്ങളില്‍ ആശങ്കപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള മന്ത്രിമാര്‍ വാക്‌സിന്‍  സ്വീകരിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ദില്ലിയിലെ ആര്‍മി ആശുപത്രിയില്‍വെച്ചാകും രാഷ്ട്രപതി വാക്‌സീന്‍ സ്വീകരിക്കുക.

തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍  നല്‍കുന്ന രണ്ടാം ഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേര്‍ കോവിന്‍ ആപ്പിലൂടെ വാക്‌സീനേഷനായി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.