ക്ഷീരകര്‍ഷകര്‍ക്കായി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’, അരലിറ്റര്‍ പാല്‍ അധികമായി വാങ്ങണമെന്ന് ആവശ്യം


തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ രംഗത്ത്. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍.

നിലവില്‍ സംസ്ഥാനത്തുത്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല്‍ വീതം അധികം വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകും. അതിനാലാണ് ‘മില്‍ക്ക് ചലഞ്ച്’ മില്‍മ മുന്നോട്ടു വച്ചത്.

മലബാര്‍ മേഖലയില്‍ മാത്രം ക്ഷീരസംഘങ്ങള്‍ വഴി ദിവസം 8 ലക്ഷത്തോളം ലിറ്റര്‍ പാല്‍ മില്‍മ സംഭരിക്കുന്നുണ്ട്. ഇതില്‍ 4 ലക്ഷത്തില്‍പരം ലിറ്റര്‍ മാത്രമേ വില്‍പന നടത്താന്‍ സാധിക്കുന്നുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് മില്‍മ കണക്കുകൂട്ടുന്നു. ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ അഹോരാത്രം പണിയെടുത്തതാണ്. ഈയവസരത്തില്‍ ക്ഷീരകര്‍ഷകരെ സഹായിക്കേണ്ട ബാധ്യത ഉപഭോക്താക്കള്‍ക്കും, ക്ഷീരമേഖലയ്ക്കുമുണ്ടെന്നും മില്‍മ അധികൃതര്‍ ചൂണ്ടിക്കാട്ടി.