ജില്ലയില്‍ നാളെ മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കും കൊവിഷീല്‍ഡ് വാക്‌സിന്‍; സ്ളോട്ട് വൈകീട്ട് 5.30 മുതല്‍ ബുക്ക് ചെയ്യാം


കോഴിക്കോട്: വെള്ളിയാഴ്ച മുതൽ ജില്ലയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ബുധനാഴ്ച 34,500 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. വ്യാഴാഴ്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യും.

വൈകീട്ട് 5.30-ന് ശേഷം സ്ളോട്ട് ലഭിച്ചുതുടങ്ങുമെന്ന് അഡീഷണൽ ഡി.എം.ഒ. ഡോ.മോഹൻദാസ് പറഞ്ഞു. അടുത്ത ദിവസവും കൂടുതൽ ഡോസെത്തും. രണ്ടുദിവസമായി കോവാക്സിൻ മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളു. 18 മുതൽ 44 വരെയുള്ളവർക്കും കോവാക്സിൻ സ്ളോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളു. അതുകൊണ്ട് ആളുകൾ അത് സ്വീകരിക്കാൻ മടിച്ചിരുന്നു.

10.26 ലക്ഷംപേർക്കാണ് ജില്ലയിൽ ഇതുവരെ ആദ്യഡോസ് വാക്സിൻ നൽകിയത്. 3.14 ലക്ഷംപേർക്ക് രണ്ടാംഡോസും. വാക്സിൻക്ഷാമം നേരിടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.