തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ; കര്‍ഷകര്‍ക്ക് പ്രചോദനമായി മുപ്പത്തിരണ്ടുകാരന്‍


ബാലുശ്ശേരി: നന്മണ്ട പഞ്ചായത്തിലെ അയിലാടത്ത് പൊയില്‍ വയലില്‍ തണ്ണിമത്തന്‍ കൃഷിയില്‍ ഇത്തവണ വിളവു ലഭിച്ചത് നൂറുമേനി. വയലോരം വീട്ടില്‍ ലാലു പ്രസാദെന്ന മുപ്പത്തിരണ്ടുകാരനാണ് കാര്‍ഷിക പരീക്ഷണത്തില്‍ മാതൃകയാവുന്നത്. മറ്റു കൃഷികള്‍ക്കൊപ്പമാണ് തണ്ണിമത്തന്‍ കൃഷിയില്‍ വിജയം കൊയ്തത്. കര്‍ണ്ണാടകയില്‍നിന്ന് കൊണ്ടുവന്ന വിത്താണ് രണ്ടരയേക്കറില്‍ നട്ടത്. വീടിനടുത്ത് വയല്‍ പാട്ടത്തിനെടുത്താണ് കൃഷി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നല്ല വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ലാലുപ്രസാദ് പറഞ്ഞു.

നാടന്‍, ഇറാനിയന്‍ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പൂര്‍ണമായും ജൈവ രീതിയാണ് ലാലു ആശ്രയിക്കുന്നത്. പന്ത്രണ്ടോളം പശുക്കളും, നെല്‍കൃഷിയുമുണ്ട്. നന്മണ്ട പഞ്ചായത്ത് കൃഷി ഓഫീസര്‍ നസീറിന്റെ മാര്‍ഗനിര്‍ദേശങ്ങളും വിളവിന് സഹായമേകുന്നുണ്ട്. തണ്ണിമത്തന്‍ കൂടാതെ വാഴ, ഇളവന്‍, മത്തന്‍, വെള്ളരി, കക്കിരി, വെണ്ട, ചീര തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ജില്ലയിലെ രണ്ടാമത്തെ യുവകര്‍ഷകനുള്ള അവാര്‍ഡും ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.