പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചെന്ന പരാതി; അന്വേഷണം തുടരുന്നു, രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദം അവസാനിക്കുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. കുറ്റാരോപിതയായ ജീവനക്കാരിയെ രക്ഷിക്കാന്‍ ചിലര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഇപ്പോള്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഉയർന്ന ആരോപണം.

പിഷാരികാവ് ക്ഷേത്രം

ഇക്കഴിഞ്ഞ കാളിയാട്ട മഹോത്സവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ സ്ഥിരം ജീവനക്കാരിയായ കുറ്റാരോപിത പണം മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടുവെന്ന് താല്‍ക്കാലിക ജീവനക്കാരായ മൂന്ന് പേര്‍ ദേവസ്വത്തിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയയായ ജീവനക്കാരിയെ ദേവസ്വം ബോര്‍ഡ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പരാതിയിന്മേല്‍ വിശദമായ അന്വേഷണം നടത്താനായി ദേവസ്വം ബോര്‍ഡ് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് എന്നാണ് ലഭിക്കുന്ന വിവരം.

കുറ്റക്കാരിയായ ജീവനക്കാരിയെ പിരിച്ചുവിടുകയും പരാതി പൊലീസിന് കൈമാറുകയും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ട ദേവസ്വം ബോര്‍ഡ് യാതൊരു തുടര്‍നടപടികളും സ്വീകരിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ ഭക്തജനങ്ങള്‍ പറയുന്നത്. പരാതി ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്തത് ജീവനക്കാരിയെ രക്ഷിക്കാനാണെന്ന വാദം ബലപ്പെടുത്തുന്നു.

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്താനായി ഒരു അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടെന്ന് പിഷാരികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വേണു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ ചന്ദ്രശേഖരനെയാണ് ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കൊവിഡ് വ്യാപനം കാരണമാണ് നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.