പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലക്കയറ്റം, പൊറുതിമുട്ടി ജനം


ന്യൂഡല്‍ഹി : ദിനം പ്രതി വര്‍ധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്‍ മേല്‍ 26 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 726 രൂപയായി. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. 2020 ഡിസംബര്‍ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15-ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. 126 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിനുണ്ടായത്. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയര്‍ന്നു.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർധിച്ചത്.ഈ വർഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക