പെയ്തത് ശക്തമായ മഴയില്‍ കക്കയം അണക്കെട്ടിലേക്കുള്ള റോഡ് ഇടിഞ്ഞു; ഗതാഗതം നിരോധിച്ചു


കൂരാച്ചുണ്ട് : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിഞ്ഞ് കക്കയം ഡാം സൈറ്റ് റോഡ് അപകടാവസ്ഥയില്‍. കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ഇതെ തുടര്‍ന്ന് റോഡില്‍ ഗതാഗതം നിരോധിച്ചു.

വാഹനം കടന്നുപോവുമ്പോൾ കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാലാണിത്. റോഡ് അറ്റകുറ്റപ്പണികൾക്കാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഡാം സൈറ്റിലേക്കുള്ള ഏക റോഡാണിത്. കക്കയംവാലിയിൽ പലയിടത്തും റോഡ് ഒലിച്ചുപോയ അവസ്ഥയിലാണ്. മലബാറിലെ പ്രധാന വിനോദസഞ്ചാരമേഖലയായ കക്കയത്തെ റോഡുകൾ നവീകരണം കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തുടർച്ചയായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുംമൂലം തകരുന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ പുനർനിർമിക്കപ്പെടാറില്ല. വൈദ്യുതിയുത്പാദനകേന്ദ്രം, ഉരക്കുഴി ഇക്കോ ടൂറിസം, ഹൈഡൽ ടൂറിസം, കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ എത്താറുണ്ട്.

റോഡ് പുനർനിർമിക്കണമെങ്കിൽ ഉയരത്തിൽ കെട്ടി കോൺക്രീറ്റ് ചെയ്യേണ്ടതായിവരും. 1960-കളിൽ കെ.എസ്.ഇ.ബി. പണികഴിപ്പിച്ച റോഡ് പിന്നീട് പി.ഡബ്ല്യു.ഡി വകുപ്പിന് കൈമാറിയതാണ്. സ്ഥലം ജില്ലയിലെ പ്രധാന ആകർഷണകേന്ദ്രമായി മാറിയിട്ടും റോഡുകൾമാത്രം നവീകരണം നടക്കാതെ അറ്റകുറ്റപ്പണിയിൽ ഒതുങ്ങിപ്പോവുകയാണ് പതിവ്.

രണ്ടുവർഷംമുമ്പ് പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായപ്പോൾ ഡാം സൈറ്റ് ജീവനക്കാർ ഒറ്റപ്പെട്ടുപോയ അവസ്ഥയുണ്ടായിരുന്നു. അന്ന് അടിയന്തര പുനർനിർമാണം നടത്താതെ, ഉരുൾപൊട്ടി ഒലിച്ചെത്തിയ കല്ലും മരങ്ങളും നീക്കംചെയ്ത് തകർന്ന ഭാഗങ്ങൾ താത്കാലികമായി നന്നാക്കുകയാണ് ചെയ്തത്.