ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം പിന്തുണ തേടി മുല്ലപ്പള്ളി


തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ മഞ്ചേശ്വരത്ത് സിപിഐഎം വോട്ട് ചോദിച്ച സംഭവത്തില്‍ ഉറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം വോട്ട് യുഡിഎഫിന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഐഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് പരാമര്‍ശമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് സിപിഎമ്മിനെ സഹായിക്കാനാണ്. മനസാക്ഷിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന്റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു.