മീറോട് മലയിലെ ക്വാറി പ്രവര്‍ത്തനം; ജനങ്ങളുടെ ആശങ്ക പരിഹരിക്കും- കളക്ടര്‍



കീഴരിയൂര്‍: വന്‍തോതില്‍ ചെങ്കല്‍ ഖനനം നടക്കുന്ന കീഴരിയൂര്‍ മീറോട് മല ജില്ലാ കളക്ടര്‍ വി സാംബശിവറാവു സന്ദര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ചെങ്കല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സര്‍വ്വക്ഷി സമിതി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ സന്ദര്‍ശനം.

മീറോട് മലയിലെ ചെങ്കല്‍ ഖനനവുമായി ബനപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ക്വാറിയില്‍ അനധികൃതമായി ഖനനം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായാണ് കാണുന്നതെന്നും ജില്ലാ കളക്ടര്‍ വി സാംബശിവറാവു പറഞ്ഞു.

മേപ്പയൂര്‍ കീഴരിയൂര്‍ പഞ്ചായത്തുകളിലായാണ് മീറോട് മല വ്യാപിച്ചു കിടക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശപ്രകാരം കീഴരിയൂര്‍ പഞ്ചായത്ത് തയ്യാറാക്കിയ ദുരന്ത സാധ്യതാ മാപ്പിങ്ങില്‍, ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയ ഭാഗത്താണ് ചെങ്കല്‍ ഖനനം നടക്കുന്നത്. പ്രദേശത്തിന്റെ ചരിവോ സ്വാഭാവിക നീരുറവാ സഞ്ചാരമോ പരിഗണിക്കാതെയാണ് ഇവിടെ ഖനനാനുമതി നല്കപ്പെട്ടത്. ഏക്കർ കണക്കിന് സ്ഥലത്ത് രൂപപ്പെട്ട വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായാൽ കവളപ്പാറയിലേതിന് സമാനമായ ദുരന്തം ഇവിടെയും ആവർത്തിക്കും.

ഖനനം ആരംഭിച്ചതോടെ നൂറില്‍പ്പരം കുടുംബങ്ങള്‍ കടുത്ത ഭീഷണിയിലാണ്. ഖനനം രൂക്ഷമായതോടെ മലയില്‍ നിന്നുള്ള ചമ്പയില്‍ വെള്ളച്ചാട്ടം നിലച്ചു. മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകളിലെ ആയിരത്തോള്ം കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കഴിഞ്ഞ ഏതാനും ദിവസമായി പ്രക്ഷോഭം നടക്കുന്നത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗോപാലന്‍ നായര്‍, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ കെ കെ നിര്‍മ്മല, മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ കെ ടി രാജന്‍, ഒഎന്‍ പി ശോഭ, കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണി, കീഴരിയീര്‍ വില്ലേജ് ഓഫീസര്‍ കെ അനില്‍കുമാര്‍, മീറോട് മല സംരക്ഷണവേദി സമിതി അംഗങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും കലക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..