യുവാവിനെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു


കോഴിക്കോട്: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്‌ളാറ്റിലെത്തി നാലുകിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫ്‌ളാറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്കുമാര്‍ ജെയിനിന്റെയും പങ്കാളിത്തത്തില്‍ നടത്തിവരുന്ന സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്.
കോഴിക്കോട് കേന്ദ്രീകരിച്ച് 15 വര്‍ഷമായി ആഭരണ വില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്.

റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, സി.സി.ടി.വി., മൊബൈല്‍ ഫോണുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.വി.ജോണ്‍, കസബ ഇന്‍സ്‌പെക്ടര്‍ യു.കെ.ഷാജഹാന്‍, എസ്.ഐ. ബി.എസ്.ബാബിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.