ജാതിഭേദത്തെ പടിക്ക് പുറത്ത് നിർത്തിയ പിഷാരികാവ്; ചരിത്രം കഥ പറയുന്നു


കൊയിലാണ്ടി: മലബാറിലെ മറ്റ് ക്ഷേത്രോത്സവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പിഷാരികാവിലെ ഉത്സവം. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്തും പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ സമസ്ത ജാതിക്കാരും പങ്കെടുത്തിരുന്നു. നമ്പൂതിരി, വൈശ്യർ, നായർ, മൂസത്, നമ്പീശൻ, പട്ടർ, വെളുത്തേടൻ, കണിയാർ, വാണിയർ, ചാലിയർ, ഈഴവർ, മുക്കുവർ, വേട്ടുവർ, വണ്ണാൻമാർ, തട്ടാൻമാർ, മലയർ, പുലയർ തുടങ്ങി നാനാജാതി വിഭാഗക്കാരുടെയും കൂട്ടായ പരിശ്രമത്തിലാണ് ഉത്സവം ഭംഗിയായി നടത്തിപ്പോന്നത്.

ഉത്സവത്തിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന അവകാശ വരവുകളാണ്. സർവ്വ സമുദായങ്ങളിൽ പെട്ടവർക്കും ക്ഷേത്രോത്സവത്തിൽ അവരവരുടെ അവകാശങ്ങളും പങ്കാളിത്തവും ഉണ്ട്. കൊയിലാണ്ടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറകൾ പാറിച്ചു കൊണ്ട് അവകാശവരവുകൾ ക്ഷേത്രസന്നിധിയിൽ എത്തുന്നു.

തിയ്യ സമുദായക്കാരുടെ ഇളനീർക്കുല വരവ്, അരയൻമാരുടെ വരവ്, വേട്ടുവരുടെ ഉപ്പുതാണ്ടി വരവ്, മണ്ണാൻമാരുടെ വരവ്, കൊല്ലൻമാരുടെ വരവ് എന്നീ പരവുകൾ ക്ഷേത്രസന്നിധിയിലെത്തുമ്പോൾ വെളിച്ചപ്പാടുകളുടെ അട്ടഹാസങ്ങളും, ഉറഞ്ഞു തുള്ളലുകളും, അവരുടെ നെറ്റിയിലൂടെ ഒഴുകിയൊലിക്കുന്ന ചോരത്തുള്ളികളുമെല്ലാം ഈ ദേവാലയ പരിസരത്തെ ഭക്തിയുടെ അവാച്യമായ അനുഭൂതിയിലേക്ക് ആനയിക്കുന്നു.

പണ്ടുകാലം മുതൽ നാന്ദകം എഴുന്നള്ളിപ്പിന് സംരക്ഷണം നൽകേണ്ട ചുമതല മണ്ണാൻമാർക്കും മറ്റൊരു വിഭാഗമായ മുന്നൂറ്റൻമാർക്കുമായിരുന്നു. ഇന്നും നാന്ദകം എഴുന്നള്ളിപ്പിനും, വാൾ ഇറക്കി എഴുന്നള്ളിപ്പിനുമെല്ലാം ഇവരുടെ സജീവ സാനിധ്യമുണ്ട്.

വർഗ്ഗവർണ്ണ വെത്യാസമില്ലാതെ ജനസമൂഹത്തിന്റെ കൂട്ടായ്മയാണ് കാളിയാട്ട മഹോത്സവം. മത വ്യത്യാസം പോലും ഭക്തരെ ക്ഷേത്ര വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്താൻ കാരണമായില്ല. ടിപ്പു സുൽത്താൻ ഭദ്രകാളിയുടെ ഭക്തനായിരുന്നു എന്ന വിശ്വാസവും, ക്ഷേത്രം വൈശ്യ വ്യാപാരികൾ സ്ഥാപിച്ചു എന്ന വസ്തുതയും വ്യാപാരം മുഖ്യ തൊഴിലാക്കിയ മുസ്ലിം വിഭാഗത്തെ ക്ഷേത്രത്തോടടുപ്പിച്ചു എന്നു വേണം കരുതാൻ. മുസ്ലിം വിഭാഗത്തിൽപ്പെട്ട ധാരാളം ആളുകൾ ക്ഷേത്രത്തിൽ വഴിപാട് നടത്താറുണ്ട്.

ക്ഷേത്രത്തിന് പുറത്തു നിന്ന് പ്രാർത്ഥിക്കുന്നവരിലും വഴിപാട് നടത്തുന്നവരിലും ഗണ്യമായ ഒരു വിഭാഗം മുസ്ലിം സ്ത്രീകളാണ് എന്നത് ഒരു സവിശേഷതയാണ്. പണ്ട് നാന്ദക എഴുന്നള്ളിക്കാനുള്ള പിടിയാനയെ നൽകിയത് മുഹമ്മദീയർ ആയിരുന്നുവെന്ന് ചില കൃതികളിൽ പറയുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള ഉമ്മച്ചിവീട് പണ്ടുകാലങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് ഉത്സവം കാണാൻ വേണ്ടി ഒരുക്കിയ സ്ഥലമായിരിക്കാം എന്നാണ് കരുതുന്നത്. ഈ ചിന്താഗതി പ്രായോഗിക തലത്തിൽ സഹകരണത്തിനും മതമൈത്രിക്കും കാരണമായി.