വടകരയിലെ എടിഎം തട്ടിപ്പ്, രണ്ട് പേര്‍ പിടിയില്‍


വടകര: വടകരയിലെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ഉത്തരേന്ത്യന്‍ സംഘത്തിന് ഒത്താശ ചെയ്തവരെയാണ് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളി പടിഞ്ഞാറക്കണ്ടി ജുബയര്‍, കായക്കൊടി മടത്തുംകണ്ടി ഷിബിന്‍ എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യക്കാരായ മൂന്നു പേരാണ് പ്രധാനികളെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

എടിഎമ്മിനുള്ളില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ചാണ് സംഘം തട്ടിപ്പു നടത്തിയത്. പണം പിന്‍വലിക്കുമ്പോള്‍ സ്‌കിമ്മര്‍ വഴി ഡാറ്റകള്‍ ശേഖരിക്കുന്നു.ക്യാമറ വഴി പിന്‍ നമ്പര്‍ വിവരവും ശേഖരിക്കുന്നു. ഈ ഡാറ്റകള്‍ പ്രോസസ് ചെയ്ത ശേഷം ഉത്തരേന്ത്യന്‍ സംഘത്തിനു കൈമാറുന്നു. ബിടെക്ക് ബിരുദ ധാരികളാണ് ഇവര്‍. ഉത്തരേന്ത്യന്‍ സംഘം പണം പിന്‍വലിക്കുന്നതിനനുസരിച്ച് ജുബയറിനും ഷിബിനും കമ്മീഷന്‍ ലഭിക്കുകയാണ് ചെയ്യുന്നത്.

ഇതുവരെ ഇരുപത്തഞ്ചോളം പേരില്‍ നിന്ന് 5,10,00 രൂപയാണ് തട്ടിയെടുത്തത്. ഉത്തരേന്ത്യക്കാരായ മൂന്നു പ്രതികളും ഫെബ്രുവരി 10 മുതല്‍ 16 വരെ വടകരയില്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ താമസിച്ച ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. വടകര പുതിയ സ്റ്റാന്റിനു സമീപത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും എംആര്‍എ ബേക്കറിക്കു സമീപത്തെ എസ്ബിഐയുടെയും എടിഎമ്മുകളിലാണ് തട്ടിപ്പു നടത്തിയത്. റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ സിഐ സുഷാന്ത്, എസ്ഐ ഷറഫുദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജേഷ്, പ്രദീപ്, പ്രിബേഷ്, ഷിനില്‍, സജിത്, ഷിറാജ്, എന്നിവരുണ്ടായിരുന്നു.

  • പിന്‍ നമ്പര്‍ മാറ്റണം
  • ഫെബ്രുവരി 10 മുതല്‍ 16 വരെ വടകര പുതിയ സ്റ്റാന്റിലെ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചവര്‍ എത്രയും വേഗം പിന്‍ നമ്പര്‍ മാറ്റണമെന്നു ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് .