വീണ്ടും ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ അതിജാഗ്രത


കോഴിക്കോട്: കേരളത്തിന് സമീപം തെക്കന്‍ തമിഴ്‌നാട്ടില്‍ ചക്രാത ചുഴി രൂപമെടുത്തതിനാല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ ഞായറാഴ്ച വരെ കേരളത്തില്‍ വ്യാപകമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

ഇരട്ട ന്യൂനമര്‍ദം സൃഷ്ടിച്ച ആഘാതം മാറും മുമ്പാണ് കേരളം വീണ്ടും മഴയുടെയും ഇടിമിന്നലിന്റെയും ദിനങ്ങളിലേക്ക് കടക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീനം മൂന്നുദിവസം കേരളത്തില്‍ അനുഭവപ്പെടും. എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ പെയ്തിറങ്ങാനുള്ള സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുുണ്ട്. അതിശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

കഴിഞ്ഞദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാനത്തെ മലയോര മേഖലയില്‍ മഴ ശക്തമായിരുന്നു. പാലക്കാട് മംഗലംഡാമിലും പെരിന്തല്‍മണ്ണ താഴെക്കോടുമായി നാലിടത്ത് ഉരുള്‍പൊട്ടി.