സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ്; ഇടതുപാര്‍ട്ടികളുടെ പിന്തുണ


ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പങ്കാളികളാവാന്‍ അണികളോട് ഇടതുനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.എ.പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പത്തുമാസമായി സമരത്തിലാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ‘നരേന്ദ്രമോദി സര്‍ക്കാര്‍ ദുശ്ശാഠ്യം തുടരുകയാണ്. സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകളിലേര്‍പ്പെടാന്‍ വിസമ്മതിക്കുകയാണ്. മോദി സര്‍ക്കാറിന്റെ ഈ ദുശ്ശാഠ്യത്തെ ഇടതുപാര്‍ട്ടികള്‍ അപലപിക്കുന്നു. ഈ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുനല്‍കണമെന്നും, ദേശീയ ആസ്തി സമാഹരണ പദ്ധതി എടുത്തുമാറ്റണമെന്നും, തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.’ പ്രസ്താവനയില്‍ പറയുന്നു.

മോദി സര്‍ക്കാര്‍ നിസംഗത തുടരുന്ന സാഹചര്യത്തില്‍ കര്‍ഷക സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.