സ്നേഹത്തിന്റെ അന്നമൂട്ടാന്‍ ‘ഹൃദയപൂര്‍വം’ ഡിവൈഎഫ്ഐ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഗസ്ത് ഒന്നു മുതല്‍ സൗജന്യ ഭക്ഷണം


കോഴിക്കോട്‌: ദുരിതകാലത്ത്‌ ആശുപത്രിയിൽ രോഗത്തിന്റെ വൈഷമ്യങ്ങളുമായി കഴിയുന്നവർക്കരികിൽ ഇനി സ്‌നേഹത്തിന്റെ പൊതിച്ചോറുമായി അവരുണ്ടാകും. ഓരോ വീട്ടിലും മാറ്റിവയ്ക്കുന്ന ഒരാളുടെ ഭക്ഷണത്തിലൂടെ മാനവികതയുടെ സന്ദേശം പകരുന്ന യുവത. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ അന്നമുറപ്പാക്കുകയാണ്‌ ‘ഹൃദയപൂർവം’പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ.

വിവിധ മേഖലാ കമ്മിറ്റികൾക്കു കീഴിൽ വീടുകളിൽനിന്ന്‌ ഭക്ഷണം ശേഖരിച്ചാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആശുപത്രിയിലെത്തിക്കുക. ആഗസ്‌ത്‌ ഒന്നു മുതലാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. സൂപ്പർ സ്‌പെഷ്യാലിറ്റിയിലുൾപ്പെടെ അഞ്ഞൂറോളം പൊതിച്ചോറ്‌ ദിവസവും നൽകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി വി വസീഫ്‌ പറഞ്ഞു. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികൾക്കാവും വിതരണ ചുമതല. അതത്‌ മേഖലയിലെ വീട്ടുകാർ ഒരു പൊതി ഭക്ഷണം ‘ഹൃദയപൂർവ’ത്തിനായി മാറ്റിവച്ച്‌ ഉദ്യമത്തിന്റെ ഭാഗമാകും.

മെഡിക്കൽ കോളേജിൽ നേരത്തെ ലോക്‌ഡൗൺ ദിവസങ്ങളിൽ ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം നടത്തിയിരുന്നെങ്കിലും സ്ഥിരം പദ്ധതിയായി ആദ്യമായാണ്‌ തുടങ്ങുന്നത്‌. പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ കൊയിലാണ്ടി, വടകര, നാദാപുരം സർക്കാർ ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്‌. ഡിവൈഎഫ്‌ഐ പ്രവർത്തകർ 2020 ജനുവരി മുതൽ തുടർച്ചയായി മെഡിക്കൽ കോളേജിൽ രക്തദാനവും നടത്തുന്നുണ്ട്‌. ആഗസ്‌ത്‌ ഒന്നിന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം, ട്രഷറർ എസ്‌ കെ സജീഷ്‌ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.