1600 രൂപ പെൻഷൻ വിഷുവിനുമുമ്പ്‌; കൈനീട്ടമായി വിഷു കിറ്റും


തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ വിഷുവിനുമുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 1600 രൂപയാണ് പുതുക്കിയ ക്ഷേമ പെന്‍ഷന്‍ തുക. ഇതോടൊപ്പം വിഷു കിറ്റും വിതരണം ചെയ്യും. എല്ലാ സ്‌കീം വര്‍ക്കേഴ്സിനും വര്‍ധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലില്‍ത്തന്നെ നടപ്പാക്കും. എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ബജറ്റ് (2021-22) ഭാവി കേരളത്തിന്റെ രൂപരേഖ’ ചര്‍ച്ചയില്‍ മുഖ്യാവതരണം നടത്തുകയായിരുന്നു ധനമന്ത്രി.

ഉപജീവന മേഖലയില്‍ അഞ്ചുലക്ഷം തൊഴില്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഏപ്രിലില്‍ തുടക്കമാവും. രണ്ടുലക്ഷം പേര്‍ക്ക് കാര്‍ഷിക മേഖലയിലും മൂന്നുലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയിലും തൊഴിലുറപ്പാക്കും. 100 ദിനത്തില്‍ 50,000 തൊഴില്‍ പ്രഖ്യാപിച്ചശേഷം ഒരുലക്ഷത്തിലേറെ തൊഴിലവസരം ഉറപ്പാക്കിയ അനുഭവം കേരളത്തിനുമുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കാനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി തയ്യാറാക്കുന്ന പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ട കുടുംബങ്ങളില്‍ നിന്ന് അപേക്ഷ ഉടന്‍ ക്ഷണിക്കും. അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താന്‍ സര്‍വേ നടപടികളും ആരംഭിക്കും. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരിക. ഈ കുടുംബങ്ങളുടെ ഉപജീവനത്തിന് വരുമാനം ഉറപ്പാക്കാന്‍ തൊഴില്‍, അസുഖങ്ങള്‍ക്ക് ചികിത്സ, പാര്‍പ്പിടം, ആവശ്യമെങ്കില്‍ സൗജന്യ ഭക്ഷണം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ക്ക് പണം തടസ്സമാകില്ല. കോവിഡിന്റെ കെടുതിക്കാലത്ത് ജനതയെ രക്ഷിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കും.

സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ തുടങ്ങും. സാധാരണക്കാരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലവസരം തുറക്കും. പുരുഷന്‍മാരെ അപേക്ഷിച്ച് നാലിരട്ടിയാണ് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പരിഹരിക്കാന്‍ കൃത്യമായ പരിപാടി ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അത് നാളത്തെ കേരളത്തിനായുള്ള കര്‍മപരിപാടിയാണ്.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പുതിയ കാല്‍വയ്പുകളും ബജറ്റിലൂടെ നടത്തുകയാണ്. എല്ലാ പരിമിതികള്‍ക്കുമുള്ളില്‍നിന്ന് കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുകയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക