26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍


നേമം: ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി അനൂപ് (29), പാറശാല സ്വദേശി അനീഷ് (27) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്.


നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഈ സംഘത്തിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ യാത്രാവിവരങ്ങള്‍ മനസിലാക്കി നേമം പൊലീസുമായി ചേര്‍ന്ന് പള്ളിച്ചല്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞാണ് 26 കിലോ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ ഒരാളായ അനീഷ് ആംബുലന്‍സ് ഡ്രൈവറാണ്.