ആധാര്‍ വിവരങ്ങൾ ആരുമായി പങ്കുവയ്ക്കെരുതെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു


ന്യൂ ഡൽഹി: ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ മുന്നറിയിപ്പാണ് പിൻവലിച്ചത്. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു പുതിയ നിർദ്ദേശം നൽകിയത്. എന്നാൽ അത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാൽ നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രമാണ് നിർദ്ദേശം പുറത്തിറക്കിയത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി. പഴയ പോലെ തന്നെ ആധാർ കാർഡ് ഉപയോഗിക്കാമെന്നും ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.

അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനാണ് ആദ്യത്തെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂവെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തെറ്റായി വ്യഖ്യാനിക്കപ്പെട്ട സാഹചര്യത്തിൽ ഈ നിർദ്ദേശം പിൻവലിച്ചത്.