വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു


വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.

നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ മൊഴിയ്ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

ഡി.വൈ.എഫ്.ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ സംഘടന ഇയാളെ പുറത്താക്കുകയായിരുന്നു. നേരത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും അര്‍ജുന്‍ ആയങ്കിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി. ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കി അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണം.

2021 ജൂണ്‍ 28 നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 ന് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സ്ഥിരം കുറ്റവാളിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ അടുത്തിടെ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.