പേരാമ്പ്രയിലെ ബഫര്‍സോണ്‍ പരാതികള്‍ നല്‍കാന്‍ ഇനിയും സമയമുണ്ട്: വിദഗ്ധസമിതിയുടെ കാലാവധിയും പരാതി നല്‍കാനുള്ള തിയ്യതിയും നീട്ടി


തിരുവനന്തപുരം: ബഫര്‍സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 30 വരെയായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി. കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം.

ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള തീയതിയും നീട്ടി നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള വിദഗ്ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കൂ എന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിദഗ്ധസമിതിയുടെ മുന്നില്‍ പരാതി ബോധിപ്പിക്കാനുള്ള സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ സമയം നീട്ടിയിരിക്കുന്നത്. അതിനിടെ, സാറ്റലൈറ്റ് സര്‍വേയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാന്‍ സമിതി). ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തുന്ന ഉപഗ്രഹ സര്‍വേയ്ക്കെതിരെ ജനജാഗ്രത യാത്ര നടത്താന്‍ കെ.സി.ബി.സി തീരുമാനിച്ചിട്ടുണ്ട്.