കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് ഓടിയെത്തി, ഉടനെ കയറുമായി കിണറ്റില്‍ ഇറങ്ങി താങ്ങിനിര്‍ത്തി; അരിക്കുളം സ്വദേശി സിനാന് പുതുജീവന്‍ നല്‍കിയത് അയല്‍വാസികളുടെ കൃത്യസമയത്തെ ഇടപെടല്‍


അരിക്കുളം: ”വൈകുന്നേരം പണി കയറി വന്ന് വീട്ടിലിരുന്ന് ചോറ് തിന്നുമ്പോഴാണ് പുറത്തെന്തോ ബഹളം കേള്‍ക്കുന്നതായി അമ്മ പറഞ്ഞത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൈ പോലും കഴുകാതെ ഓടി. അവിടെയെത്തിയപ്പോഴാണ് സുഹൃത്ത് നിസാറിന്റെ മകന്‍ കിണറ്റില്‍ വീണതു കണ്ടു. കിണറിന്റെ പണിക്ക് പോയി പരിചയമുളളതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു.” ഇന്നലെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അരിക്കുളം സ്വദേശി ബബീഷ് പറഞ്ഞു.

ബബീഷിന്റെ അയല്‍വാസിയായ കറുത്തേടത്ത് മീത്തല്‍ നിസാറിന്റെ മകന്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെ വെള്ളം കോരിക്കൊണ്ടിരിക്കെ കിണറ്റില്‍ വീഴുകയായിരുന്നു. ബബീഷ് ഉടനെ തന്നെ കയറുകെട്ടി കിണറ്റില്‍ ഇറങ്ങി കുട്ടിയെ താങ്ങിനിര്‍ത്തുകയായിരുന്നു. വിവരമറിഞ്ഞ് ബബീഷിന്റെ അച്ഛന്റെ സഹോദരനായ ലക്ഷ്മണനും സ്ഥലത്തെത്തി. കിണറ്റില്‍ ഇറങ്ങിയ അദ്ദേഹം ബബീഷിന് തന്നാലാവുന്ന വിധത്തില്‍ പിന്തുണ നല്‍കി.

അപ്പോഴേക്കും അയല്‍ക്കാരായ രവിയേട്ടന്‍, രാജേട്ടന്‍, കുഞ്ചു, അപ്പു തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഇവരെല്ലാം മുകളില്‍ നിന്ന് വേണ്ട സഹായം ചെയ്തു. ”ഞാനും ആപ്പനും കൂടി കുട്ടിയെ താങ്ങി താങ്ങി മെല്ലെ മുകളിലേക്ക് എത്തിച്ചു. അവനെ മുകളിലുള്ളവരുടെ പക്കലേക്ക് തള്ളിക്കൊടുക്കുന്നതിനിടെ കയര്‍ പൊട്ടി ഞങ്ങള്‍ താഴേക്ക് വീഴുകയായിരുന്നു. കയര്‍ കെട്ടിയിരുന്നില്ലയെന്നു തോന്നുന്നു. ഭാഗ്യത്തിന് പടവില്‍ തട്ടി കാലിന് ചെറിയ പൊട്ടല്‍ മാത്രമേ സംഭവിച്ചുള്ളൂ.” ബബീഷ് പറഞ്ഞു.

ലക്ഷ്മണന്‍ മുങ്ങിപ്പോങ്ങിയ ഉടനെ ബബിഷിനെ മുകളിലേക്ക് കയറ്റി. പിന്നാലെ അദ്ദേഹവും കയറി. കിണറ്റില്‍ വീണ സിനാന് തലക്ക് ചെറിയ വേദന ഉള്ളതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ല. രക്ഷിക്കാന്‍ ഇറങ്ങിയ ബബിഷിന് വീഴ്ചയില്‍ കാലിലെ വിരലിനു മുകളില്‍ ചെറിയ പൊട്ടലുണ്ട്. കാലിന് പ്ലാസ്റ്ററിട്ട അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.

തനിക്ക് ചെറിയ പരിക്ക് സംഭവിച്ചെങ്കിലും സിനാന് അപകടമൊന്നും സംഭവിച്ചില്ലല്ലോയെന്ന ആശ്വാസത്തിലാണ് ബബീഷ്.