റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോ​ഗി മരിച്ചു


കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്.

കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് കോയമോനെ സ്‌കൂട്ടറിടിച്ചത്. പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്.

മെഡിക്കല്‍ കോളേജിലെത്തി ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അരമണിക്കൂറിലേറെ രോഗി ഉള്ളില്‍ കുടുങ്ങി. വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനുള്ളില്‍ രോഗി മരിച്ചു.

ചെറൂട്ടി റോഡില്‍ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റിജീവനക്കാരനാണ് കോയമോന്‍. ഭാര്യ: നഫീസ. സഹോദരങ്ങള്‍: എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.

summary: farook native was hit by a scooter while walking on the road and was rushed to the hospital in time but the ambulance door could not be opened; The patient died at Kozhikode Medical College.