പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍


പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി.

ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ പേഴ്‌സും സൈക്കിളും തുറശ്ശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയത്.

ഇതോടെ വിദ്യാര്‍ഥി പുഴയില്‍ ചാടിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തിലും പുഴക്കിരുവശത്തും പ്രാര്‍ഥനയോടെ ജനങ്ങളും ഒത്തുകൂടി.

രാവിലെ ഇതുവഴി പോയ ചില സ്ത്രീകള്‍ പാലത്തിന് സമീപം വിദ്യാര്‍ഥിയെ കണ്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട വിദ്യാര്‍ഥി പക്ഷേ സ്ത്രീകള്‍ തിരിച്ചു വരുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതും വിദ്യാര്‍ഥി പുഴയില്‍ ചാടിയിട്ടുണ്ടാവാമെന്ന സംശയം വര്‍ധിപ്പിച്ചു.

സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും ആളുകളുടെ മൊഴികളും ശേഖരിച്ച് പൊലീസും അന്വേഷണം ശക്തമാക്കി.

അതിനിടെ സ്ഥലത്ത് നേരിട്ടെത്തിയ കാനത്തില്‍ ജമീല എം.എല്‍.എ. രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെട്ടു. കളക്ടറെ ബന്ധപ്പെട്ട് കൂരാച്ചുണ്ടില്‍ നിന്ന് അമീന്‍ റെസ്‌ക്യൂ ഫോഴ്‌സിനെ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

വൈകുന്നേരമായതോടെ ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്ക ഏറിത്തുടങ്ങിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥി ജീവനോടെയുണ്ടെന്ന വാര്‍ത്ത എത്തിയത്. വടകര താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വീഡിയോ കോള്‍ ചെയ്ത് ബന്ധുക്കള്‍ ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു. താഴെ അങ്ങാടിയില്‍ അലഞ്ഞു നടക്കുകയായിരുന്നു വിദ്യാര്‍ഥി.

ഇതോടെ ഒരു പകല്‍ മുഴുവന്‍ മുള്‍മുനയില്‍ നിന്ന പയ്യോളിക്ക് മുകളില്‍ ആശ്വാസമഴ പെയ്തു. വിദ്യാര്‍ഥിയെ പയ്യോളി പൊലീസും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലെത്തിച്ചു.