കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 6000 ത്തിലേറെ പേര്‍ക്ക്, ആറ് മാസത്തിനിടയിലെ ഉയര്‍ന്ന കണക്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. വ്യാഴാഴ്ച 5335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെ അപേക്ഷിച്ച് ഇന്ന് പതിമൂന്ന് ശതമാനമാണ് കേസുകള്‍ വര്‍ധിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാളവ്യയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ഉന്നതതല യോഗം ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ അവലോകനയോഗത്തില്‍ പങ്കെടുക്കും. പുതിയ സാഹചര്യത്തില്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ആലോചിക്കാനാണ് യോഗം.

ഏതു സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഐ.സി.യു ബെഡുകള്‍, ഓക്‌സിജന്‍ വിതരണം, മറ്റ് അത്യാഹിത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജമാക്കുന്നുണ്ടെന്നും മന്‍സൂഖ് മണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ സ്വഭാവത്തെ മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ല. എന്നാല്‍ നിലവിലെ വര്‍ധനവിന് കാരണമായ ഉപവകഭേദങ്ങള്‍ ഗുരുതരസാഹചര്യം ഉണ്ടാക്കാന്‍ തക്ക അപകടകാരികള്‍ അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറയുകയുണ്ടായി. നേരത്തേ വ്യാപിച്ച കോവിഡ് വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ BF.7 ന്റേതായിരുന്നു. നിലവിലുള്ളത് XBB1.16 എന്ന വകഭേദമാണ്. പുതിയ വകഭേദം സ്ഥിരീകരിക്കുമ്പോഴെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി അവയ്ക്കുമേലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നുണ്ട്. നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ള എല്ലാ വകഭേദങ്ങള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൈകള്‍ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.