പ്ലസ് ടു കഴിഞ്ഞതാണോ? സംസ്ഥാന യുവജന കമ്മീഷനില്‍ തൊഴിലവസരം- വിശദാംശങ്ങള്‍ അറിയാം



കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നീ തസ്തികകളിലാണ് നിയമനം. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരുടെ രണ്ട് തസ്തികകളാണുള്ളത്. 12,000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കും.

ജില്ലാ കോഡിനേറ്റര്‍മാരുടെ 28 തസ്തികകളുണ്ട്. 6000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 2024 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമനം. ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്.

സംസ്ഥാന പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. താത്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം ജൂണ്‍ 13 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.