ഓരോ ഘട്ടത്തിലും ഓരോ നിലവാരത്തിലുള്ള ചോദ്യം: പി.എസ്.സിയുടെ പത്താം ക്ലാസ് യോഗ്യതയുളള പ്രാഥമിക പരീക്ഷയ്‌ക്കെതിരെ പരാതി ഉയരുന്നു


കോഴിക്കോട്: പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പ്രാഥമിക പരീക്ഷയ്‌ക്കെതിരെ വ്യാപക പരാതി. ആറ് ഘട്ടങ്ങളിലായി നടന്നുവരുന്ന പരീക്ഷയുടെ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ചോദ്യങ്ങളുടെ നിലവാരത്തിലെ വ്യത്യസ്തതയാണ് പരാതിക്ക് ഇടയാക്കിയത്.

ചില ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യതനേടുകയും പ്രയാസമേറിയ ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 12 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പ്രാഥമിക പരീക്ഷയെഴുതുന്നത്. മൂന്ന്, അഞ്ച് ഘട്ടങ്ങളിലായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തവണ പരാതി. ആറാം ഘട്ടം ഇനി നടക്കാനുണ്ട്.

സമാനയോഗ്യതയുള്ള എല്ലാ തസ്തികകള്‍ക്കുംകൂടി പ്രാഥമിക പരീക്ഷ നടത്തി അതില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരെ മെയിന്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുന്ന രീതി കഴിഞ്ഞ വര്‍ഷമാണ് പി.എസ്.സി നടപ്പാക്കിയത്. എല്ലാ ഘട്ടങ്ങളും ഏകീകരിച്ച് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുമെന്നായിരുന്നു പി.എസ്.സിയുടെ വിശദീകരണം. എന്നാല്‍ കഴിഞ്ഞവര്‍ഷം അത്തരമൊരു ഏകീകരണത്തിന്റെ ഗുണം ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചില്ല. ഇതുമൂലം ചില ഘട്ടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ കൂട്ടത്തോടെ പ്രാഥമിക പരീക്ഷയില്‍ നിന്നും പുറത്തായിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മുന്‍പ് ഏതെങ്കിലും ഒരു തസ്തികയുടെ പരീക്ഷയില്‍ പുറത്തായാലും സമാന യോഗ്യതയുള്ള മറ്റു തസ്തികകളില്‍ പരീക്ഷ എഴുതാന്‍ അവസരമുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാഥമിക പരീക്ഷയില്‍ പുറത്തായാല്‍ വിവിധ തസ്തികകളിലേക്കുള്ള അവസരം ഒരുമിച്ചു നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

Summary: There are complaints against psc’s 10th level preliminary exam