‘നേരം പുലർത്തുന്നത് കൃഷിയിടത്തിൽ കാട്ടാനിയിറങ്ങിയോ എന്ന ആധിയോടെ’; വന്യമൃ​ഗ ശല്യത്താൽ ദുരിതത്തിലായി ചക്കിട്ടപ്പാറയിലെ കർഷകർ


പേരാമ്പ്ര: കാടിറങ്ങി വരുന്ന കാട്ടാനകളാൽ ഉപജീവനമാർ​ഗം വഴിമുട്ടി പ്രതിസന്ധിയിലായിരിക്കുകയാണ് ചക്കിട്ടപ്പാറയിലെ കർഷകർ. ഒരുപാട് പ്രതീക്ഷകളോടെ നട്ടുനനച്ചു വളർത്തിയെടുക്കുന്ന കാർഷിക വിളകളെല്ലാം നേരം പുലരുമ്പോൾ നശിപ്പിക്കപ്പെടുന്നു. ചോര നീരാക്കി മണ്ണിൽ പൊന്ന് വിളയിക്കാനായി അധ്യാനിക്കുന്ന കർഷകരുടെ കണ്ണുകൾ ഈറനണിയുകയാണ് ഓരോ ദിനവും പുലരുമ്പോൾ.

പെരുവണ്ണാമൂഴി, വട്ടക്കയം, പൂഴിത്തോട്, ചെമ്പനോട, ആലമ്പാറ, മാവട്ടം, രണ്ടാംചീളി, മുതുകാട് മേഖലകളിൽ മാസങ്ങളായി തുടരുകയാണ് കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. തെങ്ങ്, കമുങ്ങ്, വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. ബിനു വളയത്തിൽ, ഷാജു പുതിയേടത്ത്, ജോസ് പാഴുക്കുന്നേൽ, റോബർട്ട് കുംബ്ലാനി, പ്രകാശ് കുംബ്ലാനി, പുരുഷോത്തമൻ കൂവപ്പുവയൽ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്.

കാട്ടാന കൃഷിയിടത്തിൽ കയറാതിരിക്കാൻ പ്രദേശത്ത് സൗരവേലിയും തെരുവു വിളക്കുകളുമില്ല. ആവശ്യത്തിന് വാച്ചർമാരില്ലാത്തതും ആന കൃഷിയിടത്തിൽ കയറുന്നതിന് കയറുന്നതിന് കാരണമായി ആരോപിക്കുന്നു. വനഭൂമിയിലെ മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

വന്യമൃ​ഗ ശല്യം പരിഹരിക്കുന്നതിനായി സൗരവേലി, തൂക്കുവേലി എന്നിവ സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യങ്ങളും പരിഗണിക്കുന്നില്ലെന്നാണു ആക്ഷേപം. മാസങ്ങളായി ഒറ്റയാൻ ആണ് കൂടുതലായും കൃഷി നാശം വരുത്തിയിട്ടുള്ളത്. ഈ ഒറ്റയാനെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ഒട്ടേറെ തവണ കർഷകർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല.

വനാതിർത്തിയിൽ തൂക്കുവേലി നിർമിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് ശക്തമാക്കണമെന്നും കിഫ ജില്ലാ ജനറൽ സെക്രട്ടറി ജോർജ് കുംബ്ലാനി ആവശ്യപ്പെട്ടു. മയക്കുവെടി വച്ച് ആനയെ തുരത്താൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് ഇൻഫാം ഫൊറോന സെക്രട്ടറി എം.എ.മത്തായി ആവശ്യപ്പെട്ടു.

Summary: Farmers in Chakkittappara in distress due to wild animal menace