അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല! മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; മികച്ച മത്സരം കാഴ്ചവെച്ച് ശശി തരൂര്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ മത്സരിച്ച മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മികച്ച വിജയം നേടി. എതിര്‍ സ്ഥാനാര്‍ഥിയായ ശശി തരൂര്‍ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായത്.

24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. ഖാര്‍ഗെ 7897 വോട്ട് നേടിയപ്പോള്‍ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെ നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണത്തിന് അണിനിരന്ന നേതാക്കളുടെ ബാഹുല്യം തന്നെ ഇത് തെളിയിച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖം കൂടിയാണ് 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിലവില്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, 10 തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.