സ്വർണ്ണം കൊണ്ട് മുറിവേറ്റത് എത്രയെത്ര ജീവിതങ്ങൾ; സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നീക്കം, വധുവിന് സമ്മാനമായി നൽകുന്ന സ്വർണ്ണം പത്തുപവനിൽ കൂടാൻ പാടില്ല


തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. പരമാവധി സ്ത്രീധനം പത്തുപവനും ഒരു ലക്ഷം രൂപയുമാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വനിത കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നീക്കം.

പ്രധാന ശുപാര്‍ശകള്‍:

വധുവിന് സമ്മാനമായി പരമാവധി പത്തുപവനും ഒരുലക്ഷം രൂപയും മാത്രമേ നല്‍കാവൂ.

ഇതിന് പുറമേയുള്ള വിവാഹ സമ്മാനങ്ങളുടെ മൂല്യം 25,000 രൂപയില്‍ കൂടാന്‍ പാടില്ല.

വധുവിന് മാത്രമാണ് സ്ത്രീധനത്തില്‍ അവകാശമുണ്ടായിരിക്കുക.

വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. അറ്റസ്റ്റ് ചെയ്ത ലിസ്റ്റ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിത കൗണ്‍സില്‍ ഏര്‍പ്പെടുത്തണം.

വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ കൗണ്‍സിലിങ്ങിന് വിധേയരായതിന്റെ സര്‍ട്ടിഫിക്കറ്റും കൂടെ അറ്റാച്ച് ചെയ്യണം.

വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കും.

സ്ത്രീധന നിരോധന ചട്ടങ്ങളെക്കുറിച്ച് ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളിലും സിലബസിലും ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

കരട് തയ്യാറാക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങളുടെ പ്രതികരണം തേടും:

കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ അനങ്ങുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരം നിലവില്‍ പൂര്‍ണമായും നിരോധനമുണ്ട്. രക്ഷിതാക്കള്‍ക്കും നല്‍കാനും നിര്‍ദേശമുണ്ട്.

ഇതുസംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ സമര്‍പ്പിക്കുകയും തദ്ദേശവകുപ്പിന്റെ നിര്‍ദേശം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായും ആലോചിച്ച ശേഷം ഭേദഗതിയുടെ കരട് നിയമവകുപ്പിന് അയക്കും. നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥകളും നടപ്പിലാക്കാന്‍ കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടി വരും.